
ന്യൂയോർക്ക്: ന്യൂയോർക്കിൽ പുതിയ അധ്യയന വർഷം തുടങ്ങുന്നതിന് തൊട്ടു മുമ്പേ ആറ് വയസ്സുകാരിയായ വിദ്യാർഥിനിയേയും അമ്മയേയും നാടുകടത്തിയതിൽ പ്രതിഷേധം ശക്തമാകുന്നു. ന്യൂയോർക്ക് സിറ്റി പബ്ലിക് സ്‌കൂൾ രണ്ടാം ഗ്രേഡ് വിദ്യാർഥിനിയായ മകളെയും അമ്മ മാർത്തയെയുമാണ് യുഎസിൽ നിന്ന് നാടുകടത്തിയിരിക്കുന്നത്. മാർത്തയുടെ മകൻ 19കാരനായ മാനുവൽ പൊലീസ് കസ്റ്റഡിയിലാണെന്ന് കുടുംബത്തിന്റെ അഭിഭാഷകർ വ്യക്തമാക്കി.
പതിവ് ഇമിഗ്രേഷൻ നടപടികൾക്കായി ഈ മാസം 12ന് മൻഹാട്ടനിലെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സസ്മെന്റിൽ (ഐസിഇ) എത്തിയപ്പോഴാണ് മൂന്നുപേരേയും അറസ്‌റ്റ് ചെയ്യുകയും 19ന് രാവിലെ വിദ്യാർഥിനിയേയും അമ്മയേയും നാടുകടത്തുകയും ചെയ്തത്. അതേസമയം വിദ്യാർഥിനിയേയും അമ്മയേയും മാത്രമാണ് നാടുകടത്തിയതെന്നും ഐസിഇ രേഖകൾ പ്രകാരം മകൻ 19കാരനായ മാനുവൽ കസ്‌റ്റഡിയിൽ തന്നെയാണെന്നും ന്യൂയോർക്ക് സിറ്റി കൗൺസിൽ, സ്റ്റേറ്റ് അസംബ്ലി അംഗങ്ങൾ വ്യക്തമാക്കി. സംഭവത്തിൽ സ്‌കൂൾ അധികൃതരും ഗവർണർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും രംഗത്ത് വന്നിട്ടുണ്ട്.
ഇക്വഡോറിയൻ സ്വദേശികളായ വിദ്യാർഥിനിയും കുടുംബവും 2022 ഡിസംബറിലാണ് യുഎസ്-മെക്സിക്കോ അതിർത്തിയിലൂടെ അഭയം തേടി യുഎസിൽ എത്തിയത്. ട്രംപിന്റെ വിവാദപരമായ പുത്തൻ കുടിയേറ്റ നടപടികളുടെ ഭാഗമായി അന്നു മുതൽ ഇവർ ഇമിഗ്രേഷൻ കോടതിയിൽ പതിവ് വിചാരണ നടപടികളിൽ പങ്കെടുക്കുകയോ ഐസിഇയിൽ പതിവായി ഹാജരാകുകയോ ചെയ്തിരുന്നു. ഇമിഗ്രേഷൻ ചെക്ക് ഇൻ നടപടികളിൽ മുടങ്ങാതെ പങ്കെടുത്തിരുന്നെങ്കിലും അഭയത്തിനായി നൽകിയ അപേക്ഷ സർക്കാർ നിരസിച്ചു. മാർത്തയേയും കുടുംബത്തേയും നാടുകടത്താൻ 2024 ജൂണിൽ ഉത്തരവിടുകയും ചെയ്തിരുന്നു.