പുടിനും ട്രംപും വെള്ളിയാഴ്ച കൂടിക്കാഴ്ചയ്ക്ക് ; ‘ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇന്ത്യയുടെ തീരുവ ഇനിയും വര്‍ദ്ധിപ്പിക്കും, അല്ലെങ്കില്‍ ഉപരോധം’ , ഭീഷണിയുമായി യുഎസ്

വാഷിംഗ്ടണ്‍ : ഇന്ത്യയ്ക്കുമേലുള്ള ഇരട്ട താരിഫ് വര്‍ദ്ധിപ്പിക്കാന്‍ അമേരിക്ക തീരുമാനിച്ചേക്കാമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റിന്റെ മുന്നറിയിപ്പ് . പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെള്ളിയാഴ്ച അലാസ്‌കയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങുകയാണ്. ഈ കൂടിക്കാഴ്ചയെ ആശ്രയിച്ചിരിക്കും ഇന്ത്യയ്ക്കുമേല്‍ ഇനിയും തീരുവ ചുമത്തണോ എന്ന കാര്യമെന്നും അദ്ദേഹം പറഞ്ഞു.

‘റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്കാര്‍ക്ക് മേല്‍ അധിക തീരുവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാര്യങ്ങള്‍ ശരിയായില്ലെങ്കില്‍ ഉപരോധങ്ങളോ അധിക തീരുവകള്‍ വര്‍ദ്ധിപ്പികുകയോ ചെയ്യുന്നത് കാണാനാകും,’ ബുധനാഴ്ച ബ്ലൂംബെര്‍ഗ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ബെസെന്റ് പറഞ്ഞു.

റഷ്യയും യുക്രെയ്നും തമ്മിലുള്ള വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിക്കാന്‍ അമേരിക്ക ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ക്രെയ്നിലെ യുദ്ധം എങ്ങനെ അവസാനിപ്പിക്കാമെന്ന ചര്‍ച്ചയാണ് വെള്ളിയാഴ്ച നടക്കുക. ഇത് പരാജയപ്പെട്ടാല്‍ റഷ്യയുമായി വ്യാപാര ബന്ധം പുലര്‍ത്തുന്ന ഇന്ത്യയെ കാര്യമായി ബാധിക്കുമെന്നാണ് ഭീഷണി. റഷ്യ ഒരു സമാധാന കരാറിന് സമ്മതിച്ചില്ലെങ്കില്‍ ‘കഠിനമായ പ്രത്യാഘാതങ്ങള്‍’ ഉണ്ടാകുമെന്നാണ് ട്രംപ് ബുധനാഴ്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അതേസമയം, ചര്‍ച്ച പരാജയപ്പെട്ടാല്‍ ഉപരോധങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയ്‌ക്കൊപ്പം നില്‍ക്കണമെന്നാണ് ട്രംപ് പറയുന്നത്. ‘പ്രസിഡന്റ് ട്രംപ് പ്രസിഡന്റ് പുടിനുമായി കൂടിക്കാഴ്ച നടത്തുന്നു, അദ്ദേഹം അത് എങ്ങനെ ചെയ്യണം, എന്തുചെയ്യണം എന്നതിനെക്കുറിച്ച് യൂറോപ്യന്മാര്‍ ആലോചനയിലാണ്. ഈ ഉപരോധങ്ങളില്‍ യൂറോപ്യന്മാര്‍ ഞങ്ങളോടൊപ്പം ചേരേണ്ടതുണ്ട്. ഈ ദ്വിതീയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ യൂറോപ്യന്മാര്‍ തയ്യാറാകേണ്ടതുണ്ട്,’ ബെസെന്റ് പറഞ്ഞു.

ഈ മാസം ആദ്യം, റഷ്യയില്‍ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നതിന് 25% താരിഫ് കൂടാതെ ഇന്ത്യയ്ക്ക് മേല്‍ 25% പിഴയും ട്രംപ് ചുമത്തിയിരുന്നു. ഇങ്ങനെ ആകെ 50 ശതമാനം അധിക തീരുവ ഭാരം ചുമത്തുന്നതിനു പുറമെയാണ് ഇനിയും ഇവ വര്‍ദ്ധിപ്പിക്കുകയോ ഉപരോധം ഏര്‍പ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തുന്നത്.

More Stories from this section

family-dental
witywide