
മോസ്കോ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഉപരോധ ഭീഷണിക്ക് റഷ്യ വഴങ്ങാൻ സാധ്യതയില്ലെന്നും, യുക്രെയ്നിലെ നാല് പ്രദേശങ്ങളും പൂർണ്ണമായും പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തിൽ റഷ്യ ഉറച്ചുനിൽക്കുകയാണെന്നും റിപ്പോര്‍ട്ട്. യുക്രൈൻ യുദ്ധത്തിൽ വെടിനിർത്താൻ പുടിൻ തയ്യാറായില്ലെങ്കിൽ റഷ്യക്കെതിരെ പുതിയ ഉപരോധം ഏർപ്പെടുത്തുമെന്നും റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് (പ്രധാനമായും ചൈനയ്ക്കും ഇന്ത്യയ്ക്കും) 100 ശതമാനം താരിഫ് ചുമത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഈ താരിഫ് ഭീഷണിയുടെ കാലാവധി ഈ വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് ഈ പുതിയ റിപ്പോർട്ട് പുറത്ത് വരുന്നത്
യുദ്ധം തങ്ങൾ വിജയിക്കുകയാണെന്ന പുടിന്‍റെ വിശ്വാസവും, കഴിഞ്ഞ മൂന്നര വർഷമായി തുടർച്ചയായി ഏർപ്പെടുത്തിയ ഉപരോധങ്ങൾ വലിയ സ്വാധീനം ചെലുത്തിയില്ലെന്ന വിലയിരുത്തലുമാണ് റഷ്യ മുന്നോട്ട് പോകാൻ കാരണം. ക്രെംലിനിലെ ചർച്ചകളുമായി ബന്ധമുള്ള മൂന്ന് വൃത്തങ്ങളാണ് ഈ വിവരങ്ങൾ നൽകിയത്. ട്രംപിനെ പ്രകോപിപ്പിക്കാൻ പുടിൻ ആഗ്രഹിക്കുന്നില്ലെന്നും, വാഷിംഗ്ടണുമായും പാശ്ചാത്യ രാജ്യങ്ങളുമായും ബന്ധം മെച്ചപ്പെടുത്താനുള്ള അവസരമാണ് തള്ളിക്കളയുന്നതെന്ന് അദ്ദേഹത്തിന് അറിയാമെന്നും രണ്ട് വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, അദ്ദേഹം യുദ്ധ ലക്ഷ്യങ്ങൾക്കാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.














