
വാഷിംഗ്ടൺ: യുക്രെയ്ൻ പ്രസിഡന്റ് വോലോദിമിർ സെലെൻസ്കിയെ കാണാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ സമ്മതം അറിയിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. മൂന്ന് വർഷത്തെ യുദ്ധത്തിന് ശേഷം പുടിൻ കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നത് ഒരു വലിയ കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുടിൻ സെലെൻസ്കിയെ കാണാമെന്ന് പറയുന്നത് ഒരു വലിയ കാര്യമാണ്.
ഇവർ സുഹൃത്തുക്കളായി മുറി വിടുമെന്നോ സമാധാന കരാറിലെത്തുമെന്നോ പറയുന്നില്ല. പക്ഷേ, മൂന്നര വർഷമായി നടക്കാത്ത ഒരു കാര്യമാണിത്. ഇത് മരണത്തിന്റെയും നാശത്തിന്റെയും ഒരു യുദ്ധമായിരുന്നു. ഇപ്പോൾ ആളുകൾ പരസ്പരം സംസാരിക്കുന്നുവെന്നതാണ് പ്രധാനം,” റൂബിയോ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പുടിനും സെലെൻസ്കിയും തമ്മിൽ ഒരു കൂടിക്കാഴ്ച നടത്തുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും, അത് നന്നായി നടന്നാൽ ട്രംപും ഉൾപ്പെടുന്ന ഒരു ത്രിരാഷ്ട്ര കൂടിക്കാഴ്ച (Trilateral meeting) ഉണ്ടാകുമെന്നും റൂബിയോ കൂട്ടിച്ചേർത്തു. “ഒരു കരാറിന് അന്തിമ രൂപം നൽകാനാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഞങ്ങൾ ഇതുവരെ ആ ഘട്ടത്തിൽ എത്തിയിട്ടില്ല, പക്ഷേ അതാണ് ഞങ്ങളുടെ ലക്ഷ്യം,” അദ്ദേഹം വ്യക്തമാക്കി.
ഒരു പക്ഷത്തിന് മാത്രം 100 ശതമാനം നേടുക എന്നത് യാഥാർത്ഥ്യമല്ലെന്നും ഇരു കൂട്ടരും വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്നും റൂബിയോ പറഞ്ഞു. “ഇരുപക്ഷവും കൊടുക്കുകയും വാങ്ങുകയും ചെയ്യേണ്ടി വരും. ഒരാൾക്ക് മാത്രം 100 ശതമാനം ലഭിക്കുന്നത് കീഴടങ്ങലാണ്,” അദ്ദേഹം പറഞ്ഞു.