
മോസ്കോ: യുക്രൈൻ യുദ്ധ പരിഹാരത്തിനായി ഉപാധികളില്ലാത്ത ചർച്ചകള്‍ നടത്താൻ തയാറാണെന്ന് റഷ്യ. “പ്രത്യേക നിബന്ധനകളില്ലാതെ” സമാധാന ചർച്ചകള്‍ പുനരാരംഭിക്കാൻ റഷ്യ തയ്യാറാണെന്നാണ് ക്രെംലിൻ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം അമേരിക്കയുടെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫുമായുള്ള കൂടിക്കാഴ്ചയില്‍ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഈ നിലപാട് വ്യക്തമാക്കിയതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവാണ് അറിയിച്ചത്. “നേരത്തെയും പലതവണ പുടിൻ ഈ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്,” പെസ്കോവ് കൂട്ടിച്ചേർത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കിയുമായി വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് റഷ്യ തങ്ങളുടെ നിലപാട് അവർത്തിച്ചിരിക്കുന്നത്.