
മോസ്കോ: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി സംബന്ധിച്ച് യുഎസ് ഇന്ത്യയ്ക്ക് മേൽ ചുമത്തിയ തീരുവ മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം നികത്തുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി, ഇന്ത്യയിൽ നിന്ന് കൂടുതൽ കാർഷിക ഉൽപ്പന്നങ്ങളും ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളും വാങ്ങുമെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യ ഉൾപ്പെടെ പങ്കെടുക്കുന്ന ബഹുരാഷ്ട്ര സമ്മേളനത്തിനിടെ സോച്ചിയിൽ വച്ചാണ് പുടിൻ ഈ തീരുമാനം പ്രഖ്യാപിച്ചത്.
ഇന്ത്യൻ ജനത യുഎസിന്റെ തീരുവ ഏർപ്പെടുത്തൽ നീക്കത്തെ അംഗീകരിക്കില്ലെന്നും, ദേശീയ താൽപ്പര്യങ്ങൾക്ക് വിരുദ്ധവും അപമാനകരവുമായ ഒരു തീരുമാനത്തിനൊപ്പം നിൽക്കില്ലെന്നും പുടിൻ അഭിപ്രായപ്പെട്ടു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തരമൊരു തീരുമാനം എടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പുതിയ നീക്കത്തിലൂടെ ഇന്ത്യയും റഷ്യയും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കാൻ കഴിയുമെന്നും പുടിൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസം, ഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾക്ക് യുഎസ് 100 ശതമാനം വരെ തീരുവ ഏർപ്പെടുത്തിയിരുന്നു. യുഎസ് ഇന്ത്യയുടെ ഏറ്റവും വലിയ മരുന്ന് വിപണിയാണ്. ട്രംപിന്റെ ഈ നടപടി ഇന്ത്യയ്ക്ക് കാര്യമായ സാമ്പത്തിക ആഘാതം ഉണ്ടാക്കുമെന്ന സാഹചര്യത്തിലാണ് റഷ്യയുടെ ഈ പ്രധാന പ്രഖ്യാപനം. റഷ്യയുടെ ഈ തീരുമാനം ഇന്ത്യ-റഷ്യ ബന്ധത്തിന്റെ സാമ്പത്തിക മേഖലയിലെ സഹകരണത്തെ കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പാണ്. ഇന്ത്യയിൽ നിന്നുള്ള കാർഷിക, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെ വർധിത ഇറക്കുമതി വഴി യുഎസ് തീരുവ മൂലമുണ്ടാകുന്ന നഷ്ടം ലഘൂകരിക്കാനാണ് റഷ്യ ലക്ഷ്യമിടുന്നത്.