
മോസ്കോ: അമേരിക്കക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന ഡോണൾഡ് ട്രംപിന്റെ ആരോപണം, അദ്ദേഹത്തിന് നല്ല നർമ്മബോധം ഉണ്ടെന്ന് തെളിയിക്കുന്നതായി റഷ്യൻ നേതാവ് വ്ലാഡിമിർ പുടിൻ. ചൈനയിൽ വെച്ച് റഷ്യൻ, ചൈനീസ്, ഉത്തരകൊറിയൻ നേതാക്കൾ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രസ്താവന.
ചൊവ്വാഴ്ച ട്രൂത്ത് സോഷ്യലിൽ ചൈനീസ് നേതാവ് ഷി ജിൻപിംഗിനെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് ഇങ്ങനെ എഴുതി: “നിങ്ങൾ അമേരിക്കയ്‌ക്കെതിരെ ഗൂഢാലോചന നടത്തുമ്പോൾ വ്ലാഡിമിർ പുടിനും കിം ജോങ് ഉന്നിനും എന്റെ ഊഷ്മളമായ ആശംസകൾ നൽകുക.”
ബുധനാഴ്ച ബീജിംഗിൽ സംസാരിക്കവെ, പുടിൻ ഇതിന് മറുപടി നൽകി. “യുഎസ് പ്രസിഡന്റിന് നർമ്മബോധത്തിന് യാതൊരു കുറവുമില്ല,” പുടിൻ പറഞ്ഞു. തനിക്കും ട്രംപിനും തമ്മിൽ നല്ല ബന്ധമാണുള്ളതെന്നും, ചൈനീസ് ഉച്ചകോടിയിൽ പങ്കെടുത്ത ലോക നേതാക്കളാരും നിലവിലെ യുഎസ് ഭരണകൂടത്തെക്കുറിച്ച് മോശമായി സംസാരിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.