
ബിഷ്കെക്ക്, കിർഗിസ്ഥാൻ: യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസിന്‍റെ സമാധാന പദ്ധതി ഭാവിയിലെ ഉടമ്പടികൾക്ക് അടിസ്ഥാനമായേക്കാം എന്ന് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ. എന്നാൽ, കീവ് ഉടനടി സേനയെ പിൻവലിച്ചില്ലെങ്കിൽ കൂടുതൽ പ്രദേശങ്ങൾ ശക്തിയിലൂടെ പിടിച്ചെടുക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കി. മധ്യേഷ്യൻ റിപ്പബ്ലിക്കായ കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പുടിൻ. യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിൻ്റെ നേതൃത്വത്തിലുള്ള യുഎസ് പ്രതിനിധി സംഘം അടുത്ത ആഴ്ച ആദ്യം മോസ്കോ സന്ദർശിക്കുമെന്ന് ക്രെംലിൻ പ്രതീക്ഷിക്കുന്നതായും പുടിൻ സ്ഥിരീകരിച്ചു. ക്രെംലിൻ ഗൗരവമായ ചർച്ചകൾക്ക് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, പുടിൻ തൻ്റെ കടുത്ത ആവശ്യങ്ങൾ ആവർത്തിച്ചതോടെ അതിവേഗത്തിലുള്ള ഒരു വഴിത്തിരിവിനുള്ള സാധ്യത കുറവാണ്. “യുക്രെയ്ൻ സൈന്യം അവർ കൈവശം വെച്ചിരിക്കുന്ന പ്രദേശങ്ങളിൽ നിന്ന് പിൻവാങ്ങിയാൽ മാത്രമേ യുദ്ധം അവസാനിക്കുകയുള്ളൂ” റഷ്യൻ നേതാവ് പറഞ്ഞു. അവർ പിൻവാങ്ങുന്നില്ലെങ്കിൽ, ഞങ്ങൾ അത് സൈനിക മാർഗ്ഗങ്ങളിലൂടെ നേടിയെടുക്കുമെന്നും പുടിൻ ഭീഷണി മുഴക്കി.
അതേസമയം, യുഎസ് ഉദ്യോഗസ്ഥരുമായി ജനീവയിൽ നിശ്ചയിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ തന്‍റെ പ്രതിനിധി സംഘം ഈ ആഴ്ച അവസാനത്തോടെ കൂടിക്കാഴ്ച നടത്തുമെന്ന് യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമിർ സെലെൻസ്കി പറഞ്ഞു. അടുത്ത ആഴ്ച ഞങ്ങളുടെ പ്രതിനിധി സംഘത്തിന് മാത്രമല്ല, വ്യക്തിപരമായി എനിക്കും പ്രധാനപ്പെട്ട ചർച്ചകൾ നടക്കുമെന്നും സെലെൻസ്കി തന്‍റെ രാത്രി വീഡിയോ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. എന്നാൽ അദ്ദേഹം കൂടുതൽ വിശദാംശങ്ങൾ നൽകിയില്ല.














