
മോസ്ക്കോ: റഷ്യയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുള്ള ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ സന്ദർശനത്തിനിടെ ശുഭ വാർത്ത. അമേരിക്കൻ താരിഫ് ഭീഷണികൾക്കിടെ ഇന്ത്യക്ക് റഷ്യയുടെ ഭാഗത്ത് നിന്നും കൂടുതൽ പിന്തുണയുണ്ടാകുമെന്ന വാർത്തയാണ് പുറത്തുവരുന്നത്. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താനായി റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ നേരിട്ട് എത്തുമെന്നാണ് വ്യക്തമാകുന്നത്. ഈ മാസം അവസാനം പുടിൻ ഇന്ത്യ സന്ദർശിക്കുമെന്ന് . അജിത് ഡോവൽ മോസ്കോയിൽ വെളിപ്പെടുത്തിയതായി ഇന്റർഫാക്സ് വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യ-റഷ്യ പ്രതിരോധ ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഡോവൽ നിലവിൽ റഷ്യയിൽ സന്ദർശനം നടത്തുകയാണ്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള താരിഫ് യുദ്ധം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പുടിന്റെ സന്ദർശനം ശ്രദ്ധേയമാണ്.
2022-ൽ യുക്രെയ്‌നും റഷ്യയും തമ്മിൽ സംഘർഷം ആരംഭിച്ചതിനുശേഷം പുടിന്റെ ആദ്യ ഇന്ത്യാ സന്ദർശനമായിരിക്കും ഇത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനും രണ്ടുതവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂലൈയിൽ നടന്ന 22-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിക്കായി മോദി റഷ്യ സന്ദർശിച്ചിരുന്നു. ഈ സന്ദർശന വേളയിൽ, ഇന്ത്യ-റഷ്യ ബന്ധം വളർത്തിയതിനുള്ള അസാധാരണ സേവനത്തിന് റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓഡർ ഓഫ് സെയ്ന്റ് ആൻഡ്രൂ ദ അപ്പോസ്തൽ’ പുടിൻ മോദിക്ക് സമ്മാനിച്ചിരുന്നു. പിന്നീട്, ബ്രിക്സ് ഉച്ചകോടിക്കായി മോദി റഷ്യയിലെ കസാനിൽ എത്തിയപ്പോൾ ഇരുവരും വീണ്ടും കണ്ടുമുട്ടി.
ഇന്ത്യ-റഷ്യ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുടിന്റെ ഈ സന്ദർശനം. നിലവിലെ ആഗോള രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങളിൽ ഈ സന്ദർശനത്തിന് വലിയ പ്രാധാന്യമുണ്ട്.