
ഖത്തറിന്റെ ഒരു ‘സമ്മാനമാണ് അമേരിക്കയിലെ ചൂടൻ ചർച്ചാ വിഷയം. ഒരു ബോയിങ് 747-8 ജംബോ ജെറ്റ്. 40 കോടി ഡോളര്‍ (3411 കോടിയോളം രൂപ) ആണ് വിമാനത്തിന്റെ വില. ഇത്ര വിലപിടിച്ച ഒരു സമ്മാനം ആരെങ്കിലും ആർക്കെങ്കിലും വെറുതെ കൊടുക്കുമോ എന്നാണ് അമേരിക്കക്കാരെ എന്നല്ല എല്ലാവരേയും സംശയത്തിൽ ആഴ്ത്തുന്ന ചോദ്യം.
അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് ഇന്നുവരെ കിട്ടിയിട്ടുള്ളതില്‍വെച്ച് വിലകൂടിയ സമ്മാനമാണ് ഖത്തര്‍ സമ്മാനിക്കുന്ന ബോയിങ് 747-8 ജംബോ ജെറ്റ്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുവാദമില്ലാതെ വിദേശരാജ്യങ്ങളില്‍ നിന്ന് സമ്മാനം സ്വീകരിക്കുന്നത് തെറ്റാണ് എന്നു ചൂണ്ടിക്കാട്ടി വിമർശകർ കളംപിടിച്ചിരിക്കുകയാണ്.
ഖത്തര്‍ രാജകുടുംബം സമ്മാനിക്കാനിരിക്കുന്ന ആഡംബരവിമാനം സ്വീകരിക്കുന്നതില്‍ ധാര്‍മിക പ്രശ്‌നമൊന്നുമില്ലെന്നാണ് ട്രംപിന്റെ വാദം. ഉദാരമനസ്സോടെ നല്‍കുന്ന സമ്മാനം വേണ്ടെന്നുവെക്കുന്നത് മണ്ടത്തരമാണെന്നാണ് അദ്ദേഹം വാദിക്കുന്നത്. പ്രസിഡന്‍ഷ്യന്‍ ലൈബ്രറിക്ക് വിമാനം സാവധാനം കൈമാറുമെന്നാണ് ട്രംപ് പറയുന്നത്. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനുശേഷം ഈ വിമാനം ഉപയോഗിക്കാന്‍ പദ്ധതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, അമേരിക്കയുടെ സുരക്ഷാ താല്പര്യങ്ങളടക്കം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വിമര്‍ശകര്‍ തിരിച്ചടിച്ചത്.
ആഡംബരത്തിൻ്റെ അവസാനവാക്ക്
ഖത്തര്‍ രാജകുടുംബം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൈമാറുന്ന വിമാനം ലോകത്തിലെ ഏറ്റവും ആഡംബരം നിറഞ്ഞ സ്വകാര്യ ജെറ്റായാണ് കണക്കാക്കുന്നത്. വിമാനത്തിന് 10 വര്‍ഷത്തിലധികം പഴക്കമുണ്ടെങ്കിലും ഇത് പൂര്‍ണമായും സജ്ജീകരിച്ച ഒരു പറക്കും കൊട്ടാരത്തിന് സമാനമാണ്.
പ്രശസ്ത ഫ്രഞ്ച് ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനമായ ആല്‍ബെര്‍ട്ടോ പിന്റോ കാബിനറ്റാണ് വിമാനത്തിന്റെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മാസ്റ്റര്‍ ബെഡ്റൂം, കോണ്‍ഫറന്‍സ് ഏരിയ, ഒന്നിലധികം ലോഞ്ചുകള്‍, ആഡംബര കുളിമുറികള്‍ എന്നിവയുള്‍പ്പെടെയാണ് വിമാനത്തില്‍ ഒരുക്കിയിരിക്കുന്നത്. ഒരു മാസ്റ്റര്‍ ബെഡ്റൂമിന് പുറമേ ഒരു ഗസ്റ്റ് ബെഡ്റൂം, ഷവറുകളുള്ള രണ്ട് ശുചിമുറികള്‍, ഒമ്പത് ചെറിയ ശുചിമുറികള്‍, അഞ്ച് ചെറിയ അടുക്കളകള്‍, ഒരു സ്വകാര്യ ഓഫീസ് എന്നിവയുണ്ട്. സ്യൂട്ടുകള്‍, സ്റ്റേര്‍ റൂമുകള്‍, ലോഞ്ചുകള്‍, ഡൈനിംഗ് റൂമുകള്‍ എന്നിവ മനോഹരമായി തന്നെ സജ്ജീകരിച്ചിരിക്കുന്നു. വിമാനത്തിലെ മിക്കവാറും എല്ലാ മുറികളിലും ആഡംബര കാര്‍പറ്റുകള്‍, ലെതര്‍ സോഫകള്‍, സ്വര്‍ണ്ണ നിറമുള്ള ഫര്‍ണിച്ചറുകള്‍ എന്നിവയുണ്ട്.
ട്രംപ് ടവറിലെ പ്രസിഡന്റിന്റെ ആഡംബരപൂര്‍ണമായ വീടിനെ അനുസ്മരിപ്പിക്കുന്ന സ്വര്‍ണനിറത്തിലുള്ള ചുവരുകളും സ്വര്‍ണഫര്‍ണിച്ചറുകളും ഇതിലുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ലൈവ് ടിവി, റേഡിയോ ആക്സസ്, ബ്ലൂ-റേ പ്ലെയറുകള്‍, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി തുടങ്ങിയ എല്ലാ ആധുനിക വിമാന യാത്രാ സൗകര്യങ്ങളും ഇതിലുണ്ട്.
നിലവിലെ എയര്‍ഫോഴ്സ് വണ്‍ ആയി ഉപയോഗിക്കുന്നത് രണ്ട് പഴയ ബോയിങ് 747-200 ജംബോ ജെറ്റുകളാണ്. 35 വര്‍ഷത്തിലേറെയായി ഉപയോഗിക്കുന്നതാണെങ്കിലും നിലവിലുള്ള എയര്‍ഫോഴ്സ് വണ്‍ ജെറ്റുകളുടെ ജോഡി ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനങ്ങളില്‍ ഒന്നായാണ് കണക്കാക്കുന്നത്. വിമാനത്തിന്റെ സുരക്ഷാ സവിശേഷതകള്‍ തന്നെയാണ് അതിന്റെ പ്രത്യേകത. ആകാശത്തുവച്ചു തന്നെ ഇന്ധനം നിറയക്കാനുള്ള സൌകര്യമുള്ളതിനാൽ എത്രദിവസം വേണെങ്കിലും ആകാശത്ത് തങ്ങാമെന്ന പ്രത്യേകത കൂടിയുണ്ട്.
ഖത്തര്‍ സര്‍ക്കാരിന്റെ ആഡംബര ജെറ്റ് എയര്‍ഫോഴ്സ് വണ്ണായി ഉപയോഗിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ പദ്ധതി ഗണ്യമായ സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്ന വാദവും ഉയര്‍ന്നുകഴിഞ്ഞു. വിമാനം എയര്‍ഫോഴ്സ് വണ്ണായി ഉപയോഗിക്കുന്നത് ഒരു വിദേശ രാജ്യത്തിന് സെന്‍സിറ്റീവ് സിസ്റ്റങ്ങളിലേക്കും ആശയവിനിമയങ്ങളിലേക്കും പ്രവേശനം നല്‍കുമെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. ഇത് വലിയ അപകടസാധ്യതകള്‍ സൃഷ്ടിക്കുമെന്നാണ് അവര്‍ പറയുന്നത്. വിമാനം പുതുക്കിപ്പണിയാനും പരിശോധിക്കാനും ആവശ്യമായ സമയവും ചെലവിനെക്കുറിച്ചും സമയക്രമത്തെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.