
ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ചുള്ള കന്യാസ്ത്രീകളുടെ അറസ്റ്റിൽ ശക്തമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. ന്യൂനപക്ഷ പീഡനമാണ് നടക്കുന്നതെന്നും ഇത് കണ്ട് ഞങ്ങൾ നിശബ്ദരാകില്ലെന്നും രാഹുൽ വ്യക്തമാക്കി. മതസ്വാതന്ത്ര്യം ഭരണഘടനാവകാശമാണ്. അതിനുവേണ്ടി പോരാടുമെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
വിഷയത്തിൽ പാർലമെന്റിൽ വലിയ പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തിയിരിക്കുന്നത്. എംപിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇരുസഭകളും നിലവില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഗാർഖേ, പ്രിയങ്ക ഗാന്ധി തുടങ്ങി നേതാക്കളെല്ലാം പ്രതിഷേധവുമായി സഭയ്ക്ക് പുറത്തും എത്തിയിട്ടുണ്ട്.
ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ചാണ് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയണ്. കേസ് കെട്ടിച്ചമച്ചതാണെന്നാണ് പ്രതിപക്ഷം പറയുന്നത്. കന്യാസ്ത്രീകളെ ബജ്റംഗ്ദൾ പ്രവർത്തകർ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പൊലീസ് സാന്നിധ്യത്തിലായിരുന്നു ഇവരുടെ ചോദ്യം ചെയ്യൽ. കന്യാസ്ത്രീകളുടെ ബാഗുകളും ബജറംഗ്ദൾ പ്രവർത്തകർ പരിശോധിച്ചതായാണ് വിവരം.