
പത്തനംതിട്ട: സ്ത്രീകളോടുള്ള മോശം പെരുമാറ്റാത്തിന്‍റെ പേരിലുള്ള വിവാദങ്ങൾക്കും എം എൽ എ സ്ഥാനത്ത് നിന്നുള്ള രാജി ആവശ്യം ശക്തമാകുന്നതിനുമിടയിൽ വിളിച്ച വാർത്താ സമ്മേളനം രാഹുൽ മാങ്കൂട്ടത്തിൽ അവസാന നിമിഷം റദ്ദാക്കി. മാധ്യമങ്ങളെ കാണുമെന്നും കൂടുതൽ പറയാനുണ്ടെന്നും രാഹുൽ അറിയിച്ചിരുന്നെങ്കിലും മുതിർന്ന നേതാക്കളടക്കം ഇടപെട്ടതോടെയാണ് രാഹുൽ അവസാന നിമിഷം പിന്മാറിയത് എന്നാണ് വിവരം. ഇപ്പോൾ കൂടുതൽ പറയാനില്ലെന്ന് വ്യക്തമാക്കിയാണ് രാഹുൽ പിന്മാറിയത്. കെ പി സി സി നേതൃത്വം ഇടപെട്ട് വാർത്താസമ്മേളനം നടത്തേണ്ടതില്ലെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് റദ്ദാക്കിയതെന്നാണ് വ്യക്തമാകുന്നത്. രാഹുൽ രാജിവെക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാകുകയും നേതൃത്വം ഇതേക്കുറിച്ച് കൂടിയാലോചന നടത്തുകയും ചെയ്യുന്നതിനിടെയുള്ള വാർത്താ സമ്മേളനം തിരിച്ചടിയാകുമെന്ന് നേതൃത്വം അറിയിച്ചെന്നും വിവരമുണ്ട്.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജി വെക്കണമെന്ന കർശന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെന്നാണ് പുറത്തുവരുന്ന വാർത്ത. തെരഞ്ഞെടുപ്പ് വരെ വിഷയം നീട്ടിക്കൊണ്ട് പോയാൽ പാലക്കാട് മാത്രമല്ല സംസ്ഥാനത്ത് ഒട്ടാകെ യു ഡി എഫിന് തലവേദന ഉണ്ടാകുമെന്നും പാർട്ടിയുടെ പ്രതിച്ഛായ ഉയർത്താൻ രാജി വേണമെന്നുമുള്ള നിലപാടാണ് സതീശനടക്കമുള്ളവർക്ക്. വിട്ടുവീഴ്ചക്ക് താനില്ലെന്ന് നേതാക്കളോട് സതീശൻ ഉറപ്പിച്ച് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
എന്നാൽ എം എൽ എ സ്ഥാനം രാജിവയ്ക്കില്ലെന്ന് ഉറച്ച നിലപാടാണ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവയ്ക്കുന്നത്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതിലൂടെ ധാർമ്മികമായി ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം ചെയ്തെന്ന് പറഞ്ഞ് രാഹുലിന് ഷാഫി പറമ്പിൽ എം പി സംരക്ഷണം തീർക്കുകയും ചെയ്തു. രാജി എന്തിനെന്ന ചോദ്യമാണ് കേരളത്തിന്‍റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയും ഉയർത്തുന്നത്. ഇതോടെ കോൺഗ്രസിൽ തർക്കം രൂക്ഷമാകുകയാണ്.