പത്തനംതിട്ട: കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ലൈംഗിക പീഡനം “അതിതീവ്ര”മാണെന്നും സിപിഎം എംഎൽഎ എം. മുകേഷിന്റേത് “തീവ്രത കുറഞ്ഞ” പീഡനമാണെന്നും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ (എഐഡിഡബ്ല്യുഎ) ജില്ലാ സെക്രട്ടറി ലസിത നായർ. പത്തനംതിട്ട പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിലാണ് വിവാദ പരാമർശം. മുകേഷിനെതിരെ ക്രിമിനൽ കേസില്ല, തെളിവില്ല, ശിക്ഷയുമില്ലെന്നും “അത് നിയമത്തിന് വിട്ടു” എന്നും പാർട്ടി ശിക്ഷ വിധിക്കാറില്ലെന്നും ലസിത വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിലിന്റെ അടുത്ത സുഹൃത്തുക്കളും അനുയായികളുമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ കോൺഗ്രസിന്റെ ഭൂരിഭാഗം സ്ഥാനാർഥികളെന്ന് ലസിത ആരോപിച്ചു. അടൂർ നഗരസഭയിൽ യൂത്ത് കോൺഗ്രസ് നേതാവ് ഫെന്നി നൈനാൻ, പള്ളിക്കൽ പഞ്ചായത്തിൽ പഴകുളം ശിവദാസൻ, ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിൽ രാഹുലിനെ പുകഴ്ത്തിയ ശ്രീനാദേവി കുഞ്ഞമ്മ എന്നിവർ സ്ഥാനാർഥികളാണ്. “സ്ത്രീസമൂഹത്തിന് നാണക്കേടുണ്ടാക്കുന്ന” ശ്രീനാദേവി കുഞ്ഞമ്മയുടെ സ്ഥാനാർഥിത്വം കോൺഗ്രസ് പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
രാഹുലിനെ കോൺഗ്രസ് സംരക്ഷിക്കുകയാണെന്നും വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും എഐഡിഡബ്ല്യുഎ മുന്നറിയിപ്പ് നൽകി. ലസിതയുടെ “തീവ്രത താരതമ്യം” പരാമർശം സോഷ്യൽ മീഡിയയിൽ വലിയ വിമർശനത്തിന് കാരണമായി.










