
മുംബൈ: ജോലിത്തിരക്കുകളിൽ നിന്നും ഇടവേളയെടുത്ത് സൂപ്പർസ്റ്റാർ രജനീകാന്ത് ആത്മീയ യാത്രയ്ക്കായി ഹിമാലയത്തിലേക്ക്. ചിത്രങ്ങളേറ്റെടുത്ത സോഷ്യൽ മീഡിയയും താരത്തിൻറെ ആരാധകരും രജനീകാന്തിൻറെ സൌമ്യമായ പെരുമാറ്റവും താരജാഡയില്ലാത്ത ജീവിതശൈലിയേയും പുകഴ്ത്തുകയാണ്.
രജനീകാന്ത് ഋഷികേശിലെ സ്വാമി ദയാനന്ദ ആശ്രമം സന്ദർശിക്കുകയും സ്വാമി ദയാനന്ദയ്ക്ക് ആദരം അർപ്പിക്കുകയും ചെയ്തു. അവിടെ ചെലവഴിച്ച സമയത്ത്, തലൈവർ ഗംഗാതീരത്ത് ധ്യാനിക്കുകയും ഗംഗാ ആരതിയിൽ പങ്കെടുക്കുകയും ചെയ്തുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ഋഷികേശ് സന്ദർശനത്തിന് പിന്നാലെ അദ്ദേഹം ദ്വാരഹട്ടിലേക്ക് പോയതായും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. അദ്ദേഹത്തിന്റെ ആത്മീയ യാത്രയുടെ നിരവധി ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. അതിൽ ഏറ്റവും ശ്രദ്ധ നേടുന്നത് വഴിയരുകിൽ ഒരു സാധാരണക്കാരനെപ്പോലെ നിന്നുകൊണ്ട് ഭക്ഷണം ആസ്വദിച്ച് കഴിക്കുന്ന ചിത്രങ്ങളാണ്. ഇന്ത്യയിലെ പല മുൻനിരനടന്മാരെപ്പോലെയല്ല രജനീകാന്തെന്നും ഇത്രയും സിംപിളായും താരജാഡയില്ലാതെയും പെരുമാറാൻ അദ്ദേഹത്തിനെക്കൊണ്ടേ കഴിയൂവെന്നും പലരും കമൻറുകളുമായി എത്തിയിട്ടുണ്ട്. മുടി കറുപ്പിക്കാനും മുഖം മിനുക്കാനും സൌന്ദര്യം വർദ്ധിപ്പിക്കാനുമടക്കം ലക്ഷക്കണക്കിന് തുക ചിലവഴിക്കുന്ന താരരാജാക്കന്മാരുള്ളിടത്താണ് ഇതിനൊന്നും മുതിരാത്ത രജനീകാന്തിനെ ആരാധകരുമായി അടുപ്പിക്കുന്നത്.
അടുത്തിടെ, നടനും രാഷ്ട്രീയക്കാരനുമായ വിജയ് സംഘടിപ്പിച്ച തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ രജനീകാന്ത് ദുഖം രേഖപ്പെടുത്തിയിരുന്നു. “കരൂരിൽ നടന്ന സംഭവത്തിൽ നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ട വാർത്ത ഹൃദയത്തെ നടുക്കുകയും അത്യധികം ദുഃഖം ഉണ്ടാക്കുകയും ചെയ്യുന്നു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം. പരിക്കേറ്റവർക്ക് ആശ്വാസം.” എന്റെ ഹൃദയം വിറയ്ക്കുന്നു. കരൂരിൽ നിന്നുള്ള വാർത്ത ഞെട്ടലും ദുഃഖവും ഉളവാക്കുന്നു. ജനക്കൂട്ടത്തിന്റെ തിരക്കിൽ കുടുങ്ങി ജീവൻ നഷ്ടപ്പെട്ട നിരപരാധികൾക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. തിരക്കിൽ നിന്ന് രക്ഷപ്പെടുത്തിയവർക്ക് ശരിയായ ചികിത്സ ലഭിക്കുന്നുണ്ടെന്നും ദുരിതബാധിതർക്ക് ഉചിതമായ ആശ്വാസം ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ ഞാൻ തമിഴ്‌നാട് സർക്കാരിനോട് അഭ്യർത്ഥിക്കുന്നു”.- കബാലി താരം തന്റെ എക്‌സിൽ എഴുതി.
ലോകേഷ് കനകരാജിന്റെ “കൂലി” എന്ന ചിത്രത്തിലാണ് രജനീകാന്ത് അവസാനമായി പ്രത്യക്ഷപ്പെട്ടത്. രജനീകാന്തിനൊപ്പം നാഗാർജുനയും ശ്രുതി ഹാസനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം ഓഗസ്റ്റ് 14 നാണ് തിയേറ്ററുകളിലെത്തിയത്.