
ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായി രാമായണ. നിതീഷ് തിവാരിയുടെ സംവിധാനത്തിൽ ഇതിഹാസ കഥയെ ചലച്ചിത്രരൂപമാക്കുന്ന രാമായണയുടെ ആദ്യ രണ്ട് പാർട്ടുകളുടെ ബഡ്ജറ്റ് 4000 കോടി രൂപയെന്ന് നിർമ്മാതാവ് നമിഷ് മൽഹോത്ര വ്യക്തമാക്കി. ഇന്ത്യൻ സിനിമ ഇന്നേ വരെ കാണാത്ത ഈ സംഖ്യാ ഇതുവരെ ഒരു ചിത്രത്തിന്റെയും വേർഡ് വൈഡ് കളക്ഷൻ ആയി പോലും കണ്ടിട്ടില്ല. ആമിർ ഖാന്റെ ദങ്കലിന്റെ 2000 കോടിയാണ് ഒരു ഇന്ത്യൻ ചിത്രം നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ. അതിന്റെ പതിമടങ്ങ് ഉയർന്ന തുകയിലാണ് രാമായണ ഒരുങ്ങുന്നത്
ചിത്രത്തിൽ രൺബീർ കപൂർ ശ്രീരാമനായും, യാഷ് രാവണനായും, സായ് പല്ലവി സീതയായുമാണ് എത്തുന്നത്. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും കൈകാര്യം ചെയ്യുന്നത് എ.ആർ റഹ്മാനും ലോക പ്രശസ്ത സംഗീത മാന്ത്രികൻ ഹാൻ സിമ്മറുമാണ്. അടുത്തിടെ റിലീസ് ചെയ്ത ചിത്രത്തിന്റെ അനൗൺസ്‌മെന്റ് ടീസർ വലിയ ശ്രദ്ധയാണ് പിടിച്ചുപറ്റിയത്. മാഡ് മാക്സ്, സൂയിസൈഡ് സ്‌ക്വാഡ്, അവേഞ്ചേഴ്‌സ്, പ്ലാനെറ്റ് ഓഫ് എയ്‌പ്സ് തുടങ്ങിയ ചിത്രങ്ങളുടെ ആക്ഷൻ കോർഡിനേറ്റർ ഗുയ് നൊറീസാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.
രാമായണക്ക് വേണ്ടി കലാസംവിധാനം ചെയ്യുന്നത് രവി ബൻസൽ (ഫാസ്റ്റ് & ഫ്യൂരിയസ്, എക്സ്-മെൻ ), റാംസി എവറി (ലോർഡ് ഓഫ് ദി റിങ്‌സ്) എന്നിവരാണ്. വാർണർ ബ്രദേഴ്‌സ് ആണ് ചൈനയിലും അമേരിക്കയിലും യൂറോപ്പിലും രാമായണത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. 2026 നവംബറിലാണ് രാമായണ ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്.