പബ്ളിസിറ്റിക്ക് വേണ്ടി എന്തും പറയാനല്ല, പാര്‍ട്ടി അച്ചടക്കം പാലിക്കാനാണ് ശശി തരൂര്‍ ശ്രമിക്കേണ്ടത്: രമേശ് ചെന്നിത്തല

ഷിക്കാഗോ: കോണ്‍ഗ്രസിലേക്ക് അപ്രതീക്ഷിതമായി എത്തിയ ശശി തരൂരിന് എല്ലാ അവസരങ്ങളും നല്‍കിയിരുന്നു. തിരുവനന്തപുരത്ത് മത്സരിക്കണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. അത് അംഗീകരിച്ചു. ആദ്യമായി ലോക്സഭയിലേക്ക് എത്തിയപ്പോള്‍ തന്നെ അദ്ദേഹത്തെ മന്ത്രിയാക്കി. പാര്‍ടിക്ക് ലഭിച്ച നാല് പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റികളില്‍ വിദേശകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനവും ശശി തരൂരിന് നല്‍കി. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശേഷം അദ്ദേഹത്തെ പ്രവര്‍ത്തക സമിതിയിലേക്ക് ഉള്‍പ്പെടുത്തി.

പാര്‍ടിയില്‍ വലിയ ഉയര്‍ച്ചയാണ് ശശി തരൂരിന് ഉണ്ടായത്. ഇത്രയും കാലം പ്രവര്‍ത്തിച്ചിട്ടും താനൊക്കെ എപ്പോഴാണ് പ്രവര്‍ത്തക സമിതിയില്‍ എത്തിയതെന്ന് അറിയാമല്ലോ എന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ഷിക്കാഗോ ലീഡേഴ്സ് ക്ളബിന്റെ ആഭിമുഖ്യത്തില്‍ സെന്റ് മേരീസ് ക്നാനായ കാത്തലിക് പള്ളി ഓഡിറ്റോറിഡയത്തില്‍ നടത്തിയ മീറ്റ് ആന്റ് ഗ്രീറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

കോണ്‍ഗ്രസുകാരനായി തുടരുമ്പോള്‍ പാര്‍ടിയുടെ ചില മര്യാദകള്‍ കൂടി പാലിക്കണം. പാര്‍ട്ടി അച്ചടക്കം പാലിച്ച് പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ നില്‍ക്കാന്‍ തയ്യാറാണം. വ്യത്യസ്ത അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ ചിലപ്പോള്‍ പബ്ളിസിറ്റി കിട്ടും. പക്ഷെ, അത് ചെയ്യാന്‍ പാടില്ല എന്ന് ചെന്നിത്തല പറഞ്ഞു. ശശി തരൂരിന്റെ എല്ലാ കഴിവുകളും അംഗീകരിക്കുമ്പോള്‍ തന്നെ പാര്‍ട്ടി മര്യാദകള്‍ കൂടി പാലിക്കാന്‍ അദ്ദേഹം തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കഴിവുള്ളവരെ ഇരുത്തേണ്ട ഇടത്ത് ഇരുത്തിയാല്‍ കേരള പൊലീസ് നന്നാവും

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പൊലീസാണ് കേരളാ പൊലീസ്. പക്ഷെ, കഴിവുള്ളവരെ ഇരുത്തേണ്ട ഇടത്ത് ഇരുത്തണം. അങ്ങനെ ഇരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. കഴിവുള്ളവര്‍ പ്രധാന സ്ഥാനങ്ങളിള്‍ വന്നാല്‍ കേരളത്തിലെ പൊലീസ് മികച്ചതായി തുടരും.

കേരളത്തിലെ വിദ്യാഭ്യാസ രീതികള്‍ കാലത്തിനൊത്ത് മാറണം

ഷിക്കാഗോ: പരമ്പരാഗത വിദ്യാഭ്യാസ രീതികള്‍ തുടരുന്ന കേരളത്തില്‍ നിന്ന് യുവാക്കളൊക്കെ അന്യനാടുകളിലേക്ക് പോവുകയാണ്. അതിന് മാറ്റം വരണമെങ്കില്‍ നമ്മുടെ വിദ്യാഭ്യാസ രീതികള്‍ മാറണം. വിദേശ സര്‍വ്വകലാശാലകളുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെ അംബാസഡര്‍ ടി.പി.ശ്രീനിവാസന്റെ മുഖത്തടിച്ച സംഭവം ഉണ്ടായി. എന്നിട്ട് എന്തുണ്ടായി. ആ സമീപനമല്ല വേണ്ടത്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രീതികളിലേക്ക് മാറാനാകണം. അതിനുള്ള നടപടികളാണ് വേണ്ടത്.

പഠിച്ചാല്‍ ജോലി കിട്ടും എന്ന തോന്നലുണ്ടായാല്‍ യുവതലമുറ രാജ്യം വിടുന്നത് കുറയുമെന്ന് ചെന്നിത്തല പറഞ്ഞു. യുവതലമുറയില്‍ പടരുന്ന ലഹരി പുതിയൊരു ആശങ്കയാണ്. കൊവിഡ് കാലത്ത് ബാറുകള്‍ അടച്ചപ്പോള്‍ വലിയൊരു വിഭാഗം മയക്കുമരുന്നിലേക്ക് വഴി മാറി. ഇത് തന്റെ വ്യക്തിപരമായ വിലയിരുത്തലാണെന്നും അദ്ദേഹം പറഞ്ഞു. വലിയ ബോധവത്കരണം അതിനെതിരെ വേണം.

തന്റെയൊക്കെ കുട്ടിക്കാലത്ത് സിഗരറ്റ് വലിക്കുന്നത് ഒരു സ്റ്റൈലായിരുന്നു. പിന്നീടാണ് എല്ലാവരും അതിന്റെ ദൂഷ്യവശങ്ങള്‍ തിരിച്ചറിയുക. അപ്പോള്‍ പുകയില ഉല്പന്നങ്ങളായാലും ആധുനിക ലഹരി പദാര്‍ത്ഥങ്ങളായാലും അവക്കെതിരെ ശക്തമായ ബോധവത്കരണം ഉണ്ടാകണം. യുവതലമുറയെ ലഹരിയുടെ പിടിയില്‍ നിന്ന് രക്ഷിക്കാനുള്ള കൂട്ടായ പരിശ്രമമാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Ramesh Chennithala on Shashi Tharoor controversy

More Stories from this section

family-dental
witywide