ഇന്ത്യക്കാരി രാജ്യം വിട്ടത് യുഎസ് അറിഞ്ഞത് വാറണ്ടുമായി വീട്ടിലെത്തിയപ്പോൾ; രഞ്ജനി ശ്രീനിവാസൻ രക്ഷപ്പെട്ടത് കാനഡയിലേക്ക്

വാഷിംഗ്ടണ്‍: അക്രമത്തിനും ഭീകരതയ്ക്കും വേണ്ടി വാദിക്കുന്നു എന്നാരോപിച്ച് കൊളംബിയ സർവകലാശാലയിലെ ഒരു ഇന്ത്യൻ വിദ്യാർഥിനിയുടെ വിസ യുഎസ് ഇമിഗ്രേഷൻ അധികൃതർ റദ്ദാക്കി. യൂണിവേഴ്സിറ്റിയിലെ അർബൻ പ്ലാനിംഗ് വിദ്യാർത്ഥിനിയായ രഞ്ജനി ശ്രീനിവാസനെതിരെയാണ് നടപടി. അതേസമയം രഞ്ജനി സിബിപി ഹോം ആപ്പ് ഉപയോഗിച്ച് സ്വയം യുഎസ് വിട്ടതായി യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) അറിയിച്ചു.

ഇന്ത്യക്കാരിയായ രഞ്ജനി ശ്രീനിവാസൻ കൊളംബിയ സർവകലാശാലയിൽ അർബൻ പ്ലാനിംഗിൽ ഡോക്ടറൽ വിദ്യാർത്ഥിനിയായി എഫ് -1 സ്റ്റുഡന്റ് വിസയിൽ അമേരിക്കയിൽ എത്തിയതായിരുന്നു. പലസ്തീൻ – ഇസ്രയേൽ യുദ്ധ പശ്ചാത്തലത്തിൽ ഇസ്രയേൽ വിരുദ്ധ സമരത്തിന് പിന്തുണ നൽകിയിരുന്ന രഞ്ജനി ഹമാസിനെ അനുകൂലിക്കുന്നു എന്നതാണ് അവർക്കെതിരെയുള്ള കുറ്റം.

രഞ്ജനി ശ്രീനിവാസന്‍ സ്വന്തം രാജ്യമായ ഇന്ത്യയിലേക്ക് എത്തിയെന്നാണ് റിപ്പോര്‍ട്ടുകൾ വന്നിരുന്നത് എന്നാല്‍, ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിൽ താന്‍ കാനഡയിലേക്കാണ് പോയതെന്ന് രഞ്ജനി അറിയിച്ചു. അമേരിക്കയില്‍ തുടരാനുള്ള സാഹചര്യം ഇല്ലാതായതോടെ ആഭ്യന്തരസുരക്ഷാവകുപ്പിന്റെ സിബിപി ആപ്പ് ഉപയോഗിച്ച് രാജ്യംവിടാനുള്ള സന്നദ്ധത ഇവര്‍ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതി ഇന്ത്യയിലേക്കാണ് പോയതെന്നായിരുന്നു വിലയിരുത്തലുകള്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി താന്‍ അനുഭവിക്കുന്ന കാര്യങ്ങളും രഞ്ജനി ന്യൂയോര്‍ക്ക് ടൈംസിനോട് തുറന്ന് പറഞ്ഞിരുന്നു.

സ്റ്റുഡന്റ് വിസയുടെ മാത്രം ബലത്തില്‍ കഴിയുന്ന യുവതിക്കെതിരെ യുഎസ് ഏതറ്റംവരെയും പോകുമെന്ന തിരിച്ചറിവാണ് രഞ്ജനിയുടെ രക്ഷപെട്ടതിന്‍റെ കാരണം. മൂന്നാം തവണ അറസ്റ്റ് വാറണ്ടുമായാണ് അധികൃതര്‍ എത്തിയത്. വാതില്‍ തുറന്ന് അപ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിച്ചപ്പോൾ മാത്രമാണ് രഞ്ജനി രാജ്യംവിട്ട വിവരം ഉദ്യോഗസ്ഥര്‍ തിരിച്ചറിയുന്നത്. അക്രമത്തിനും ഭീകരതയ്ക്കും വേണ്ടി വാദിച്ചെന്നാരോപിച്ച് മാര്‍ച്ച് അഞ്ചിന് വിദേശകാര്യവകുപ്പ് അവരുടെ വിസ റദ്ദാക്കിയിരുന്നു.

Also Read