
കൊച്ചി: റാപ്പര്‍ വേടൻ ലൈംഗികാതിക്രമം നടത്തിയെന്ന് ചൂണ്ടികാണിച്ച് രണ്ട് യുവതികള്‍ മുഖ്യമന്ത്രിക്ക് പരാതി നൽകി. ബലാത്സംഗ കേസിൽ മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെ റാപ്പര്‍ വേടനെതിരെ കൂടുതൽ പരാതികള്‍ വന്നിരിക്കുന്നത്. മുഖ്യമന്ത്രിയുമായി യുവതികൾ ഉടൻ കൂടിക്കാഴ്ച നടത്തിയേക്കും.
ദളിത് സംഗീതത്തിൽ ഗവേഷണം നടത്താനായി വേടനെ ഫോണിൽ വിളിച്ച യുവതിയെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ആദ്യ പരാതി. തന്‍റെ സംഗീത പരിപാടികളിൽ ആകൃഷ്ടനായി ബന്ധം സ്ഥാപിച്ച വേടൻ ക്രൂരമായി ലൈംഗിക അതിക്രമം നടത്തിയെന്നാണ് രണ്ടാമത്തെ യുവതിയുടെ പരാതി. 2020 – 2021 കാലഘട്ടത്തിലാണ് പരാതിയിൽ പറയുന്ന രണ്ട് സംഭവങ്ങളും അന്ന് വേടനെതിരായി രണ്ടു യുവതികളും മീടൂ വെളിപ്പെടുത്തൽ നടത്തിയിരുന്നു.
നേരത്തെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത ബലാത്സംഗ കേസിലാണ് മുൻകൂർ ജാമ്യത്തിനായി റാപ്പർ വേടൻ ഹൈക്കോടതിയെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയാണ് ഇന്ന് കോടതി പരിഗണിക്കുന്നത്. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി.