
കീവ്: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ വെടിനിർത്തലിനേക്കാൾ സമഗ്രമായ സമാധാന കരാറിനാണ് മുൻഗണന നൽകുന്നതെന്ന് ട്രംപ് അറിയിച്ചതോടെ റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ സഹകരണത്തിന് തയാറെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി.
ട്രംപിൻ്റെ ക്ഷണപ്രകാരം തിങ്കളാഴ്ച വാഷിംഗ്ടൺ സന്ദർശിക്കുമെന്ന് സെലെൻസ്കി ഒരു ചെറിയ പ്രസ്താവനയിൽ അറിയിച്ചു. ഈ വർഷം ഫെബ്രുവരിയിൽ നടന്ന ആദ്യ കൂടിക്കാഴ്ചക്ക് ശേഷം ഇതാദ്യമായാണ് ഇരുവരും വീണ്ടും കാണുന്നത്.
അലാസ്ക ഉച്ചകോടിയിൽ യുക്രൈനിൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിൽ ധാരണയിലെത്താത്തതിനെ തുടർന്ന് ട്രംപ് വാഷിംഗ്ടണിലേക്ക് മടങ്ങുന്ന വഴിക്ക് സെലെൻസ്കിയും മറ്റ് യൂറോപ്യൻ നേതാക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. യുക്രേനിയൻ നേതാവുമായുള്ള സംഭാഷണം ഒരു മണിക്കൂറിലധികം നീണ്ടു. ട്രംപുമായി നീണ്ടതും കാര്യക്ഷമവുമായ സംഭാഷണമാണ് നടത്തിയതെന്ന് സെലെൻസ്കി പറഞ്ഞു. യുക്രൈൻ, റഷ്യ, യുഎസ് എന്നിവരുമായി ഒരു ത്രിരാഷ്ട്ര കൂടിക്കാഴ്ച നടത്താനുള്ള ട്രംപിൻ്റെ നിർദ്ദേശത്തെ അദ്ദേഹം പിന്തുണച്ചു.
സമാധാനം കൈവരിക്കുന്നതിന് പരമാവധി പരിശ്രമിക്കാൻ യുക്രൈൻ സന്നദ്ധത പ്രകടിപ്പിക്കുന്നു. അമേരിക്കയുടെ ശക്തി ഈ സാഹചര്യത്തിൽ സ്വാധീനം ചെലുത്തുന്നത് പ്രധാനമാണെന്ന് സെലെൻസ്കി ട്വീറ്റ് ചെയ്തു. പ്രധാന വിഷയങ്ങൾ നേതാക്കളുടെ തലത്തിൽ ചർച്ച ചെയ്യാൻ കഴിയുമെന്ന് യുക്രൈൻ പറയുന്നു. അതിന് ത്രിരാഷ്ട്ര ഫോർമാറ്റ് അനുയോജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, യുഎസുമായുള്ള വിശ്വസനീയമായ സുരക്ഷാ ഉറപ്പുകൾ ഉറപ്പാക്കാൻ യൂറോപ്യൻ നേതാക്കൾ ഓരോ ഘട്ടത്തിലും ഒപ്പമുണ്ടായിരിക്കേണ്ടതിൻ്റെ പ്രാധാന്യവും യുക്രേനിയൻ നേതാവ് ചൂണ്ടിക്കാട്ടുന്നുണ്ട്. യൂറോപ്യൻ നേതാക്കളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള സെലെൻസ്കിയുടെ ഈ പരാമർശം ട്രംപിലുള്ള അദ്ദേഹത്തിൻ്റെ വിശ്വാസക്കുറവായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ട്രംപിനെ പുടിൻ സ്വാധീനിക്കുമോ എന്ന ആശങ്ക യുക്രെയ്നുണ്ട്.