
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് നഗരത്തിന്റെ ചില ഭാഗങ്ങളില്‍ ഉണ്ടായ അതിശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ രണ്ട് പേര്‍ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. തെരുവുകളും സബ്വേകളും വെള്ളക്കെട്ടാല്‍ നിറയുകയും നിരവധി വാഹനങ്ങള്‍ വെള്ളത്തിനടിയിലാകുകയും ചെയ്തിട്ടുണ്ട്.
ബ്രൂക്ലിനിലെ ഒരു ബേസ്മെന്റില്‍ വെള്ളം നിറഞ്ഞ ഭാഗത്തുനിന്നും 39 വയസ്സുള്ള ഒരാളുടെ മൃതദേഹവും വടക്കന്‍ മാന്‍ഹട്ടനിലെ വാഷിംഗ്ടണ്‍ ഹൈറ്റ്‌സില്‍ നിന്നും വെള്ളപ്പൊക്കമുണ്ടായ സ്ഥലത്തുനിന്നും 43 വയസ്സുള്ള ഒരാളുടെ മൃതദേഹവും കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. രണ്ട് സംഭവങ്ങളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ന്യൂയോര്‍ക്ക് നഗരത്തിന്റെ പല ഭാഗങ്ങളിലും റെക്കോര്‍ഡ് മഴയാണ് പെയ്തത്. വ്യാഴാഴ്ച സെന്‍ട്രല്‍ പാര്‍ക്കില്‍ 1.8 ഇഞ്ച് മഴ പെയ്തതായി നാഷണല്‍ വെതര്‍ സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു. ഇത് 1917 ലെ റെക്കോര്‍ഡിനെ തകര്‍ത്തെന്ന് വകുപ്പ് പറഞ്ഞു. ലാഗ്വാര്‍ഡിയ വിമാനത്താവളത്തില്‍ 1.97 ഇഞ്ച് മഴ പെയ്തതായും ഇത് 1955-ല്‍ സ്ഥാപിച്ചിരുന്ന മുന്‍കാല റെക്കോര്‍ഡ് തകര്‍ത്തെന്നുമാണ് റിപ്പോര്‍ട്ട്. കനത്തമഴയെത്തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരം ബ്രൂക്ലിന്‍, ക്വീന്‍സ്, ബ്രോങ്ക്‌സ് എന്നീ ബറോകള്‍ക്ക് വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു.
മഴയെത്തുടര്‍ന്ന് തെരിവുകള്‍ വെള്ളത്താല്‍ നിറഞ്ഞതിന്റെയും വാഹനങ്ങള്‍ മുങ്ങിയതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബ്രൂക്ലിനിലെ ചില സബ്വേ സ്റ്റേഷനുകളിലേക്കും ക്വീന്‍സിലെ തെരുവുകളിലേക്കും വെള്ളം കയറുന്നതും വീഡിയോയില്‍ കാണാം.
പ്രതികൂല കാലാവസ്ഥ കാരണം യുഎസില്‍ 1,000-ത്തിലധികം വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്, പ്രധാനമായും വടക്കുകിഴക്കന്‍ മേഖലയിലാണിത്. ക്വീന്‍സിലെ ജോണ്‍ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളവും ലാഗ്വാര്‍ഡിയ വിമാനത്താവളവും കനത്തകാറ്റ് കാരണം ലാന്‍ഡിംഗ് വൈകിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്.
Record rainfall in New York City; Two dead. More than 1,000 flights cancelled in flooding.















