
ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച എച്ച്-1ബി വിസ ഫീസ് വര്‍ധനവില്‍ നിന്നും ഡോക്ടര്‍മാര്‍ക്ക് ഇളവ് നല്‍കുന്നതിനെക്കുറിച്ച് വൈറ്റ് ഹൗസ് ആലോചിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, കെയര്‍ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് ആശ്വാസമേകുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
‘പ്രഖ്യാപനം സാധ്യമായ ഇളവുകള്‍ അനുവദിക്കുന്നു, അതില്‍ ഡോക്ടര്‍മാരും മെഡിക്കല്‍ റെസിഡന്റുകളും ഉള്‍പ്പെടാം,’ വൈറ്റ് ഹൗസ് വക്താവ് ടെയ്ലര്‍ റോജേഴ്സ് ഒരു ഇമെയിലില്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
മെഡിക്കല്‍ മേഖലയില്‍ ഈ നിയമം കൊണ്ടു വന്നാല്‍ അത് വലിയ തിരിച്ചടിയായിരിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കാരണം അമേരിക്കയില്‍ ജോലി ചെയ്യുന്ന വലിയ ശതമാനം മെഡിക്കല്‍ പ്രൊഫഷണലുകള്‍ എച്ച്-1ബി വിസയുള്ള അന്താരാഷ്ട്ര മെഡിക്കല്‍ ബിരുദധാരികളാണ്. ഇത്രയും വലിയ ഫീസ് കൊടുത്ത് ഒരു ആശുപത്രിയും വിദേശത്തു നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലുകളെ നിയമിക്കില്ല. അതിനാല്‍ ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ആരോഗ്യ മേഖലയെ ഫീസ് വര്‍ധനയില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യതയുള്ളത്.
കുടിയേറ്റ നിയന്ത്രണത്തിന്റെ ഭാഗമായാണ് എച്ച്-1ബി വിസ ഫീസ് കുത്തനെ ഉയര്‍ത്തിയതെന്ന് ട്രംപ് തന്നെ വ്യക്തമാക്കിയിരുന്നു. എച്ച്-1ബി വിസ അപേക്ഷകളില്‍ 100,000 ഡോളറാണ് ഫീസ് ചുമത്തിയിരിക്കുന്നത്. ഇത് അമേരിക്കയുടെ ടെക് മേഖലയ്ക്ക് തന്നെ തിരിച്ചടിയാകുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 2025 സെപ്റ്റംബര്‍ 21 ന് പുലര്‍ച്ചെ 12.01 ന് പുതിയ ഫീസ് പ്രാബല്യത്തില്‍ വന്നു. ഇതോടെ അവധിക്കായി യുഎസ് വിട്ടവര്‍ അതിവേഗം തിരിച്ചെത്താന്‍ വഴിയൊരുക്കി.
നിലവിലുള്ള 2,000 -5,000 ഡോളര്‍ പരിധിയില്‍ നിന്നാണ് 100000 ഡോളറിലേക്ക് ഫീസ് വര്‍ദ്ധിപ്പിച്ചത്. സ്റ്റാര്‍ട്ടപ്പുകള്‍, ചെറുകിട ബിസിനസുകള്‍, ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ എന്നിവരില്‍ അമിത ആശങ്കകള്‍ക്ക് കാരണമായി. ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകുന്ന നീക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മുഴുവന്‍ പ്രത്യാഘാതങ്ങളും പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വക്താവ് പറഞ്ഞു.