പിണറായിയും ഞാനും ഒന്നിച്ചുനിന്നതുകൊണ്ടാണ് കേരളത്തിലെ ദേശീയപാതകളുടെ വീതി 45 മീറ്ററാക്കാന്‍ സാധിച്ചതെന്ന് രമേശ് ചെന്നിത്തല; 2027ഓടെ കേരളത്തിലെ റോഡുകള്‍ സൂപ്പറാകുമെന്നും ചെന്നിത്തല

ഷിക്കാഗോ: ലീഡേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഷിക്കാഗോ ക്നാനായ കാത്തോലിക്ക പള്ളി ഓഡിറ്റോറിയത്തില്‍ നടത്തിയ മീറ്റ് ആന്റ് ഗ്രീറ്റ് പരിപാടിയിലായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രവര്‍ത്തക സമിതി അംഗവുമായ രമേശ് ചെന്നിത്തല മനസ്സുതുറന്നത്.

കേരളത്തിലെ ദേശീയപാതകളുടെ വീതി 30 മീറ്റര്‍ മതിയെന്നായിരുന്നു വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ എടുത്ത തീരുമാനം. അന്ന് പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും ഞാന്‍ കെ.പി.സി.സി പ്രസിഡന്റുമായിരുന്നു.

ദേശീയപാതകളുടെ വീതി 30 മീറ്റര്‍ പോര, അത് 45 മീറ്റര്‍ വേണമെന്ന നിര്‍ദ്ദേശം ആദ്യം മുന്നോട്ടുവെച്ചത് ക്രിസോസ്റ്റം തിരുമേനിയായിരുന്നു. അക്കാലത്ത് വൈ.എം.സി.എയില്‍ നടന്ന ഒരു യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ പിണറായി വിജയനോടും കെപി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ എന്നോടും അദ്ദേഹം ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ് ദേശീയപാതക്ക് 45 മീറ്റര്‍ എന്ന ലക്ഷ്യത്തിനായി ഞങ്ങള്‍ ഒന്നിച്ചിറങ്ങിയത്. പിണറായി വിജയന്‍ എല്‍.ഡി.എഫ് യോഗവും ഞാന്‍ യു.ഡി.എഫ് യോഗവും വിളിച്ചു. വിഷയം ചര്‍ച്ച ചെയ്തു. എല്‍.ഡി.എഫ് യോഗത്തില്‍ വി.എസ്. അച്യുതാനന്ദനായിരുന്നു ഏറ്റവും ശക്തമായ എതിര്‍പ്പ്. യു.ഡി.എഫ് യോഗത്തില്‍ വീരേന്ദ്ര കുമാറും ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി. ദേശീയപാതയുടെ വീതി കൂട്ടുന്നതിനോട് ഉമ്മന്‍ചാണ്ടിക്കും നേരിയ വിയോജിപ്പ് ഉണ്ടായിരുന്നു.

ആളുകളുടെ ഭൂമി ഏറ്റെടുക്കുന്നതിനിലെ വിഷമമായിരുന്നു അദ്ദേഹത്തിന്. മാര്‍ക്കറ്റ് വിലയേക്കാള്‍ കൂടുതല്‍ പണം നല്‍കി ഭൂമി ഏറ്റെടുക്കണമെന്ന നിര്‍ദ്ദേശം ഞങ്ങള്‍ മുന്നോട്ടുവെച്ചു. അങ്ങനയാണ് ഇരു മുന്നണികളും ദേശീയ പാതയുടെ വീതി 45 മീറ്ററാക്കാനുള്ള തീരുനാനത്തിലേക്ക് എത്തിയത്. ഭരണ-പ്രതിപക്ഷ പാര്‍ടികള്‍ നാടിന്റെ വികസനത്തിനായി ഒന്നിച്ചുനില്‍ക്കണം എന്ന സന്ദേശമാണ് പിണറായി വിജയനും ഞാനും എടുത്ത അന്നത്തെ നിലപാടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

സെന്റ്മേരിസ് ഓഡിറ്റോറിയത്തില്‍ ഷിക്കാഗോ ലീഡേഴ്സ് ക്ളബ് ഭാരവാഹികളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ചെന്നിത്തല. കേരളത്തിലെ റോഡുകള്‍ ലോക നിലവാരത്തിലാവുകയാണ്. അമേരിക്കന്‍ മലയാളികള്‍ ഇനി കേരളത്തിലേക്ക് വരുമ്പോള്‍ കേരളത്തിലെ റോഡുകളെല്ലാം മികച്ചതായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

പണ്ട് കാലത്ത് കേരളത്തിലെ റോഡുകളിലൂടെ യാത്ര ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയുണ്ടായിരുന്നു. ഇന്ന് ആ സാഹചര്യം മാറിയിട്ടുണ്ട്. കേരള വികസനത്തിനായി ഭരണപക്ഷത്തോടൊപ്പം പ്രതിപക്ഷവും ഒന്നിച്ചുനിന്നതുകൊണ്ടാണ് ആ നേട്ടത്തിലേക്ക് കേരളത്തിന് എത്താന്‍ സാധിക്കുന്നത്. 2027 ഓടോ റോഡ് വികസനം യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് എത്തുമെന്നും കേരളത്തിലെ റോഡുകള്‍ ലോക നിലവാരത്തിലാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമായത് ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ട് മാത്രമാണ്. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത് ആ പദ്ധതിക്കായി അന്നും മുന്നോട്ടുപോകാന്‍ കഴിഞ്ഞു. ദേശീയപാതാ വികസനം പോലെ, വിഴിഞ്ഞം പദ്ധതിയും ഭരണപ്രതിപക്ഷ കക്ഷികളുടെ യോജിപ്പിന്റെ തെളിവാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Remesh Chennithala in Chicago speaks on Kerala Road development

More Stories from this section

family-dental
witywide