
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനി ജനുവരി ഒന്നിന് ചുമതലയേൽക്കും. അമേരിക്കൻ പുരോഗമന രാഷ്ട്രീയത്തിലെ പ്രമുഖരായ സെനറ്റർ ബെർണി സാൻഡേഴ്‌സും കോൺഗ്രസ് പ്രതിനിധി അലക്‌സാണ്ട്രിയ ഒകാസിയോ-കോർട്ടസും ചടങ്ങിലെ പ്രധാന സാന്നിധ്യമായിരിക്കും.
ന്യൂയോർക്ക് സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറും ആദ്യത്തെ മുസ്ലീം, ദക്ഷിണേഷ്യൻ വംശജനായ മേയറുമാണ് മംദാനി.
ഡിസംബർ 31 അർദ്ധരാത്രി ഉപേക്ഷിക്കപ്പെട്ട ‘ഓൾഡ് സിറ്റി ഹാൾ’ സബ്‌വേ സ്റ്റേഷനിൽ വെച്ച് നടക്കുന്ന സ്വകാര്യ ചടങ്ങിൽ ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ് മംദാനിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.
ജനുവരി ഒന്നിന് ഉച്ചയ്ക്ക് 1 മണിക്ക് സിറ്റി ഹാളിന്റെ പടിക്കെട്ടിൽ വെച്ച് പൊതു സത്യപ്രതിജ്ഞ നടക്കും. ഈ ചടങ്ങിൽ ബെർണി സാൻഡേഴ്‌സായിരിക്കും മംദാനിയെ ഔദ്യോഗികമായി ചുമതലപ്പെടുത്തുക. മംദാനിയുടെ രാഷ്ട്രീയ പങ്കാളിയായ അലക്‌സാണ്ട്രിയ ഒകാസിയോ-കോർട്ടസായിരിക്കും ചടങ്ങിൽ അദ്ദേഹത്തെ സദസ്സിന് പരിചയപ്പെടുത്തുന്നതും പ്രാരംഭ പ്രഭാഷണം നടത്തുന്നതും.
മംദാനിയുടെ അധികാരമേൽക്കൽ ആഘോഷമാക്കാൻ സിറ്റി ഹാളിന് സമീപമുള്ള ‘കാന്യോൺ ഓഫ് ഹീറോസിൽ’ വിപുലമായ ബ്ലോക്ക് പാർട്ടി സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 11 മുതൽ വൈകിട്ട് 3 വരെ പാര്‍ട്ടി. ഇതിനുമുമ്പ് നടന്ന മേയർമാരുടെ സ്ഥാനാരോഹണ ചടങ്ങുകൾ ക്ഷണിതാക്കൾക്ക് മാത്രമുള്ളതായിരുന്നു. എന്നാൽ ഇത്തവണ പതിനായിരക്കണക്കിന് സാധാരണക്കാർക്ക് പങ്കെടുക്കാവുന്ന രീതിയിലാണ് ക്രമീകരണങ്ങൾ. സിനിമ-സംഗീത മേഖലയിലെ പ്രമുഖരായ ജോൺ ടർട്ടുറോ, സിന്തിയ നിക്സൺ, കൽ പെൻ തുടങ്ങിയവരും മംദാനിയുടെ ഇനോഗുറൽ കമ്മിറ്റിയിലുണ്ട്. ഒരു പുതിയ രാഷ്ട്രീയ യുഗത്തിന്‍റെ തുടക്കമായാണ് മംദാനിയുടെ വിജയത്തെ അദ്ദേഹത്തിന്‍റെ അനുയായികൾ കാണുന്നത്.













