
വാഷിംങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഡിമെൻഷ്യയാണോ എന്ന് അഭ്യൂഹങ്ങൾ ഉയരുന്നുണ്ടെന്ന് അയർലൻഡ് മാധ്യമമായ ‘ദി ഐറിഷ് സ്റ്റാർ’ റിപ്പോർട്ട് ചെയ്യുന്നു. ചില സംഭവങ്ങളെ മുൻനിർത്തിയാണ് ട്രംപിൻ്റെ ബൗദ്ധികാരോഗ്യം ക്ഷയിക്കുകയാണെന്ന തരത്തിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസാരിക്കുമ്പോൾ തൊട്ടുപിന്നിലിരിക്കുന്ന ആളിനെ തിരിച്ചറിയുന്നതിലെ ബുദ്ധിമുട്ട്, ട്രംപിന്റെ തന്നെ ബന്ധുക്കൾ ഉയർത്തുന്ന ആശങ്ക, വാക്കുകളിൽ പലപ്പോഴും സംഭവിക്കുന്ന ഇടർച്ച എന്നിവയെല്ലാം ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട്.
അമേരിക്കയിലെ വിഖ്യാത സൈക്കോളജിസ്റ്റും ട്രംപിന്റെ അടുത്ത ബന്ധുവുമായ മേരി ട്രംപും ഡൊണാൾഡ് ട്രംപിന്റെ മാനസികാരോഗ്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ട്രംപ് ഡിമെൻഷ്യയുടെ പ്രാരംഭഘട്ടങ്ങളിലായിരിക്കാമെന്ന് സൂചിപ്പിക്കുന്ന നാല് ലക്ഷണങ്ങൾ കഴിഞ്ഞ ജൂലായിൽ ഒരു വിദഗ്‌ധൻ കണ്ടെത്തിയതായി യുഎസ് എക്സ്പ്രസ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. സമീപവർഷങ്ങളിലായി ട്രംപിന്റെ ശരീര ഏകോപനം അത്യധികം കുറഞ്ഞതായും പടികൾ കയറുമ്പോഴടക്കം തട്ടിവീഴുന്നതും ചൂണ്ടിക്കാട്ടി. ട്രംപ് നടക്കുമ്പോൾ വലതുകാൽ അർധവൃത്താകൃതിയിൽ ചുഴറ്റി നടക്കുന്നതും ഇതിന്റെ സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ ബുധനാഴ്‌ച, ട്രംപ് നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമ അഭിസംബോധനയ്ക്കിടെ സ്കോട്ട് ബെസന്റിനും ഹോവാർഡ് ലുട്‌നിക്കിനും നിങ്ങൾ എവിടെയായിരുന്നാലും നന്ദി അറിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഉടൻതന്നെ ലുട്‌നിക്ക് ട്രംപിനെ വിളിച്ച് ഞാൻ നിങ്ങളുടെ തൊട്ടുപിന്നിലുണ്ടെന്ന് പറഞ്ഞു. ഈ സംഭവം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. മിനിറ്റുകൾക്ക് മുൻപ് ഒരുമിച്ച് മുറിയിലേക്ക് വന്നത് അദ്ദേഹം ഇതിനകംതന്നെ മറന്നുപോയി’ എന്നായിരുന്നു ഒരു ഉപയോക്താവിൻ്റെ പ്രതികരണം.