
വാഷിംഗ്ടണ്‍ : വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള പ്രൊഫഷണല്‍ അമേരിക്കന്‍ ഫുട്‌ബോള്‍ ടീമായ വാഷിംഗ്ടണ്‍ കമാന്‍ഡേഴ്‌സിന്റെ പുതിയ സ്റ്റേഡിയത്തിന് തന്റെ പേര് നല്‍കണമെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ആഗ്രഹിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇ.എസ്.പി.എന്നാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 3.7 ബില്യണ്‍ ഡോളര്‍ മുടക്കി പണിതുയര്‍ത്തുന്ന സ്റ്റേഡിയത്തിനാണ് തന്റെ പേരിടാന്‍ ട്രംപ് നീക്കം നടത്തുന്നതെന്ന് നിരവധി വൃത്തങ്ങളെ ഉദ്ധരിച്ച് ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജോഷ് ഹാരിസിന്റെ നേതൃത്വത്തിലുള്ള കമാന്‍ഡേഴ്സ് ഉടമസ്ഥതാ ഗ്രൂപ്പിലെ ഒരു അംഗവുമായി, ട്രംപിന്റെ ചില അടുപ്പക്കാര്‍ വിഷയം ചര്‍ച്ചചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. 1961 മുതല്‍ 1996 വരെ ടീമിന്റെ ആസ്ഥാനമായി പ്രവര്‍ത്തിച്ച പഴയ ആര്‍.എഫ്.കെ സ്റ്റേഡിയമിരുന്ന സ്ഥലത്താണ് പുതിയ സ്റ്റേഡിയം നിര്‍മ്മിക്കുന്നത്.
ഇത്തരത്തിലൊരു നീക്കത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സ്‌റ്റേഡിയത്തിന് ട്രംപിന്റെ പേരിട്ടാല്‍ അത് മനോഹരമായിരിക്കും എന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പ്രതികരിച്ചത്. ‘അതൊരു മനോഹരമായ പേരായിരിക്കും, കാരണം പുതിയ സ്റ്റേഡിയത്തിന്റെ പുനര്‍നിര്‍മ്മാണം സാധ്യമാക്കിയത് പ്രസിഡന്റ് ട്രംപാണ്,’ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് വെള്ളിയാഴ്ച രാത്രി ഇമെയില്‍ വഴി ഇ.എസ്.പി.എന്നിനോട് പറഞ്ഞു. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ലെവിറ്റ് വിസമ്മതിച്ചു, എന്നാല്‍ ‘പ്രസിഡന്റ് ആഗ്രഹിക്കുന്നതാണ്, അത് സംഭവിക്കാന്‍ സാധ്യതയുണ്ട്’ എന്നാണ് മുതിര്‍ന്ന വൈറ്റ് ഹൗസ് വൃത്തം ഇ.എസ്.പി.എന്നിനോട് പറഞ്ഞത്.
കമാന്‍ഡേഴ്സ് വക്താവ് ഇക്കാര്യത്തില്‍ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. അതേസമയം, ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഡെട്രോയിറ്റ് ലയണ്‍സിനെതിരെ നടക്കുന്ന കമാന്‍ഡേഴ്സിന്റെ ഹോം ഗെയിം കാണാന്‍ ട്രംപ് എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
Report: Trump wants to name Washington Commanders Stadium after him, White House says it would be beautiful.










