
ന്യൂയോര്‍ക്ക്: യുഎസില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന എച്ച്1ബി വീസ പദ്ധതിയില്‍ കടുത്ത നിലപാടറിയിച്ച് ജോര്‍ജിയയില്‍നിന്നുള്ള ജനപ്രതിനിധി മാജറി ടെയ്ല ഗ്രീന്‍. എച്ച്1ബി വീസ പദ്ധതി പൂര്‍ണമായി ഇല്ലാതാക്കാന്‍ ബില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണെന്നും ഗ്രീന്‍ എക്‌സില്‍ പങ്കുവച്ച വിഡിയോയിലൂടെ അറിയിച്ചു. ജോലിക്കായി യുഎസില്‍ എത്തുന്ന വിദേശികള്‍ ആ വീസ കാലാവധി കഴിയുമ്പോള്‍ തിരിച്ചുപോകുന്ന തരത്തില്‍ നിയമം മാറ്റണമെന്നാണ് അവരുടെ ആവശ്യം. ഈ പദ്ധതി ഇല്ലാതാകുന്നതോടെ എച്ച്1 ബി വീസ വഴി യുഎസിലെത്തി പൗരത്വം നേടാനുള്ള വിദേശികളുടെ വഴി അടയുമെന്നും ഇവര്‍ പറയുന്നു.
യുഎസ് ഡോക്ടര്‍മാരുടെയും മറ്റു മെഡിക്കല്‍ പ്രഫഷനലുകളുടെയും ശൃംഖല കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി, പ്രതിവര്‍ഷം 10,000 വീസ എന്ന പരിധി 10 വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കുമെന്നുമാണ് മാജറി ടെയ്ല ഗ്രീനിന്റെ നിലപാട്. വീസ കാലാവധി കഴിയുമ്പോള്‍ ഇവരെ നാട്ടിലേക്കു മടങ്ങാന്‍ നിര്‍ബന്ധിതരാക്കുന്നതിലൂടെ, തന്റെ ബില്‍ പൗരത്വത്തിലേക്കുള്ള വഴി ഇല്ലാതാക്കുമെന്നും ഗ്രീന്‍ കൂട്ടിച്ചേര്‍ത്തു.
”ഈ വീസകള്‍ ഒരു പ്രത്യേക സമയത്തെ തൊഴില്‍പരമായ ആവശ്യം നിറവേറ്റാന്‍ ഉദ്ദേശിച്ചുള്ളതാണ്. ആളുകളെ ഇവിടെ എന്നെന്നേക്കുമായി വന്നു താമസിക്കാന്‍ അനുവദിക്കരുത്. അവരുടെ വൈദഗ്ധ്യത്തിന് ഞങ്ങള്‍ നന്ദി പറയുന്നു, പക്ഷേ അവര്‍ക്ക് സ്വന്തം നാട്ടിലേക്കു മടങ്ങാന്‍ കഴിയട്ടെ എന്ന് ഞങ്ങള്‍ ആശംസിക്കുകയും ചെയ്യുന്നു”- അവര്‍ വീഡിയോയില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മാത്രം യുഎസില്‍ മെഡിക്കല്‍ സ്‌കൂളില്‍നിന്ന് ബിരുദം നേടിയ 9000 ല്‍ അധികം ഡോക്ടര്‍മാര്‍ക്ക് റസിഡന്‍സി ലഭിച്ചിരുന്നില്ല. അതേസമയം, 2023 ല്‍ മാത്രം 5000 ല്‍ അധികം വിദേശ ഡോക്ടര്‍മാര്‍ക്ക് റസിഡന്‍സി ലഭിച്ചു. തികച്ചും അന്യായമാണിത്. ബില്‍ രാജ്യത്തെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ക്ഷാമം കുറയ്ക്കാന്‍ സഹായിക്കും. അമേരിക്കന്‍ ഡോക്ടര്‍മാരെക്കൊണ്ടു നമ്മുടെ റസിഡന്‍സി പ്രോഗ്രാമുകള്‍ നിറയ്ക്കാന്‍ സമയം നല്‍കി, വിദേശ തൊഴിലാളികളിലുള്ള നമ്മുടെ ആശ്രയം കുറയ്ക്കുന്ന ഒരു വഴിയായും ഈ ബില്‍ പ്രവര്‍ത്തിക്കും” ഗ്രീന്‍ വ്യക്തിമാക്കി.
Republican Rep. Introduces Bill to Completely Eliminate H1B Visa Program












