
ഉത്തരകാശി ധരാലിയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. കാലാവസ്ഥ അനുകൂലമായതിനാൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ധരാലിയിൽ നിന്ന് 70 ഓളം പേരെ വ്യോമമാർഗം മാറ്റ്‌ലിയിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. 50 ലധികം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങികിടക്കുന്നതായാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻ ആർമി, ഐടിബിപി, എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഉത്തരാഖണ്ഡ് പൊലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത രക്ഷാപ്രവർത്തനമാണ് നടത്തുന്നത്. മേഘവിസ്ഫോടനം ബാധിച്ച ഹർസിലിനടുത്തുള്ള ധരാലി പ്രദേശത്ത് ഇന്ത്യൻ സൈന്യം രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും വർദ്ധിപ്പിച്ചു.
എത്തിച്ചേരാൻ പ്രയാസമുള്ള സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ കണ്ടെത്തായി ഡ്രോണുകളും ഉപയോഗപ്പെടുത്തുന്നുണ്ട്. വിദഗ്ധ എഞ്ചിനീയർമാരും മെഡിക്കൽ സംഘങ്ങളും ഉൾപ്പെടെ 225 ലധികം സൈനികർ രക്ഷാപ്രവർത്തനം നടത്തുകയാണ്.