
ന്യൂഡൽഹി: വിസയുള്ളവർക്ക് കർശന മുന്നറിയിപ്പുമായി ഇന്ത്യയിലെ യുഎസ് എംബസി. യുഎസ് വിസയുടെ നിബന്ധനകളും യുഎസിൽ താമസിക്കാൻ അനുവദിച്ചിട്ടുള്ള സമയപരിധിയും മാനിക്കണമെന്ന് എംബസി ഓർമ്മിപ്പിച്ചു. വിസ വ്യവസ്ഥകൾ ലംഘിക്കുന്നത് വിസ റദ്ദാക്കാനും നാടുകടത്താനും ഭാവിയിൽ യുഎസിലേക്ക് പ്രവേശനം ലഭിക്കാതിരിക്കാനും ഇടയാക്കുമെന്ന് എംബസി വ്യക്തമാക്കി.
എക്സിലെ ഒരു പോസ്റ്റിലാണ് യുഎസ് എംബസി മുന്നറിയിപ്പ് നൽകിയത്. “നിങ്ങളുടെ യുഎസ് വിസയുടെ നിബന്ധനകളും യുഎസിൽ താമസിക്കാൻ അനുവദിച്ചിട്ടുള്ള സമയപരിധിയും മാനിക്കുക. I-94 ‘അഡ്മിറ്റ് അൺടിൽ ഡേറ്റ്’ കഴിഞ്ഞും യുഎസിൽ തുടരുന്നത് വിസ റദ്ദാക്കൽ, നാടുകടത്തൽ, ഭാവിയിലെ വിസകൾക്ക് അയോഗ്യത എന്നിങ്ങനെയുള്ള ഗുരുതര പ്രത്യാഘാതങ്ങളിലേക്ക് നയിച്ചേക്കാം. സമയപരിധി കഴിഞ്ഞും താമസിക്കുന്നത് യുഎസിലേക്ക് യാത്ര ചെയ്യാനും പഠിക്കാനും ജോലി ചെയ്യാനുമുള്ള നിങ്ങളുടെ അവസരത്തെ എന്നെന്നേക്കുമായി ബാധിച്ചേക്കാം,” എംബസി പോസ്റ്റിൽ പറഞ്ഞു.
ഇതിനിടെ, ജോർജിയയിലെ 14-ാം ഡിസ്ട്രിക്റ്റിൽ നിന്നുള്ള കോൺഗ്രസ് വനിത മാർജോറി ടെയ്ലർ ഗ്രീൻ തിങ്കളാഴ്ച എക്സിൽ മറ്റൊരു പോസ്റ്റ് പങ്കുവെച്ചു. “അമേരിക്കൻ പൗരന്മാരുടെ ജോലികൾ ഇല്ലാതാക്കുന്ന ഇന്ത്യൻ H1-B വിസകൾ നിർത്തലാക്കണം. ഒബാമ/ബൈഡൻ/നിയോകോൺ യുക്രൈൻ-റഷ്യ യുദ്ധത്തിന് ഫണ്ട് നൽകുന്നതും ആയുധങ്ങൾ അയക്കുന്നതും നിർത്തണം” എന്നായിരുന്നു അവരുടെ പോസ്റ്റ്.