
വാഷിങ്ടന്‍ : ഹാര്‍വാഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി ട്രംപ് ഭരണകൂടം. സര്‍ക്കാരിന്റെ വിവിധ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍വ്വകലാശാലയ്ക്ക് കൂച്ചുവിലങ്ങിടാനുള്ള പുതിയ നടപടി ഉണ്ടായിരിക്കുന്നത്.
സ്റ്റൂഡന്റ് ഗ്രൂപ്പുകളുടെ അധികാരം കുറയ്ക്കണം, അമേരിക്കന്‍ മൂല്യങ്ങള്‍ പാലിക്കാത്ത വിദ്യാര്‍ഥികളെ കുറിച്ച് സര്‍ക്കാരിനെ അറിയിക്കണം ഡിഇഐ പരിപാടികള്‍ റദ്ദാക്കണം തുടങ്ങിയ കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന ട്രംപ് ഭരണകൂടത്തിന്റെ ആവശ്യങ്ങള്‍ നേരത്തെ ഹാര്‍വാഡ് നിരസിച്ചിരുന്നു. തുടര്‍ന്ന് സര്‍വകലാശാലയ്ക്കുള്ള ഏകദേശം 2.3 ബില്യന്‍ ഡോളറിന്റെ ഫെഡറല്‍ സഹായം യുഎസ് വിദ്യാഭ്യാസ വകുപ്പ് മരവിപ്പിച്ചിരുന്നു. പിന്നാലെയാണ് പുതിയ നടപടി.
നിയമം പാലിക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ ഫലമായി ഹാര്‍വാഡിന്റെ ‘സ്റ്റുഡന്റ് ആന്‍ഡ് എക്‌സ്‌ചേഞ്ച് വിസിറ്റര്‍ പ്രോഗ്രാം സര്‍ട്ടിഫിക്കേഷന്‍’ ഭരണകൂടം റദ്ദാക്കിയതായി ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം എക്സില്‍ എഴുതി. ‘രാജ്യത്തുടനീളമുള്ള എല്ലാ സര്‍വകലാശാലകള്‍ക്കും അക്കാദമിക് സ്ഥാപനങ്ങള്‍ക്കും ഇത് ഒരു മുന്നറിയിപ്പായിരിക്കട്ടെ,’ എന്നും അവര്‍ വ്യാഴാഴ്ച കുറിച്ച പോസ്റ്റില്‍ വ്യക്തമാക്കി. ചെയ്തു.
അതേസമയം, ഹാര്‍വാഡ് ഈ നീക്കത്തെ ‘നിയമവിരുദ്ധം’ എന്നാണ് വിളിച്ചത്.
‘140ലധികം രാജ്യങ്ങളില്‍ നിന്നുള്ളവരും സര്‍വകലാശാലയെയും ഈ രാജ്യത്തെയും വളരെയധികം സമ്പന്നമാക്കുന്നതുമായ ഞങ്ങളുടെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനുള്ള അധികാരം നിലനിര്‍ത്താന്‍ ഞങ്ങള്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധരാണ്. ഞങ്ങളുടെ സമൂഹത്തിലെ അംഗങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശവും പിന്തുണയും നല്‍കാന്‍ ഞങ്ങള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നു. ഈ പ്രതികാര നടപടി ഹാര്‍വഡ് സമൂഹത്തിനും നമ്മുടെ രാജ്യത്തിനും ഗുരുതരമായ ദോഷം വരുത്തും. കൂടാതെ ഹാര്‍വാഡിന്റെ അക്കാദമിക്, ഗവേഷണ ദൗത്യത്തെ ദുര്‍ബലപ്പെടുത്തുന്നു.’-സര്‍വകലാശാല പ്രതികരിച്ചു.
ട്രംപ് ഭരണകൂടത്തിന്റെ തീരുമാനങ്ങള്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന ആയിരക്കണക്കിന് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ബാധിച്ചേക്കാം. കഴിഞ്ഞ അധ്യയന വര്‍ഷം 6,700-ലധികം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ഈ സ്ഥാപനത്തില്‍ ചേര്‍ന്നതായി സര്‍വകലാശാല ഡാറ്റ കാണിക്കുന്നു. ഇത് ഇവിടുത്തെ ആകെ വിദ്യാര്‍ത്ഥികളുടെ 27% വരും.