ന്യൂയോർക്ക്: മോഷണശ്രമം തടയാൻ ശ്രമിക്കുന്നതിനിടെ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഓഫിസർക്ക് വെടിയേറ്റു. ശനിയാഴ്ച ന്യൂയോർക്ക് സിറ്റിയിലെ പാർക്കിലാണ് സംഭവം ഉണ്ടായത്. ഡ്യൂട്ടിയിൽ അല്ലാതിരുന്ന ഓഫിസറെ മോപ്പഡ് ഓടിച്ചിരുന്ന അനധികൃത കുടിയേറ്റക്കാരനാണ് ആക്രമിച്ചത്. എന്നാൽ, ഉദ്യോഗസ്ഥൻ തിരിച്ച് വെടിയുതിർക്കുകയും അക്രമിയെ പരുക്കേൽപ്പിക്കുകയും ചെയ്‌തുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്.
പാർക്കിൽ വിശ്രമിക്കുകയായിരുന്ന ഉദ്യോഗസ്ഥനെ കൊള്ളയടിക്കാൻ മോപ്പഡിലെത്തിയ അക്രമി ശ്രമിക്കുകയായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിനിടെ അക്രമി ഉദ്യോഗസ്‌ഥന്റെ മുഖത്ത് വെടിവെച്ചു. വെടിയേറ്റെങ്കിലും, ഉദ്യോഗസ്ഥൻ ധീരമായി തിരിച്ചടിക്കുകയും അക്രമിയെ വെടിവെച്ച് വീഴ്ത്തുകയും ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
അക്രമി ഡൊമിനിക്കൻ പൗരനായ മിഗുവേൽ ഫ്രാൻസിസ്കോ മോറ നൂനെസ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 2023 ഏപ്രിലിൽ ബോർഡർ പട്രോൾ ഇയാളെ പിടികൂടിയിരുന്നുവെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അറിയിച്ചു. വെടിയേറ്റ ഉദ്യോഗസ്‌ഥനെയും പരുക്കേറ്റ അക്രമിയെയും ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദ്യോഗസ്ഥൻ്റെ ആരോഗ്യനില തൃപ്തികരമാണ്.














