
മിസോറി സിറ്റി: അമേരിക്കൻ മലയാളികൾക്ക് ഇത് അഭിമാന നിമിഷം. മിസോറി സിറ്റി മേയറായി മൂന്നാം തവണയും മലയാളിയായ റോബിൻ ഇലക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു. ഹാട്രിക് വിജയമാണ് അദ്ദേഹം നേടിയത്. രണ്ട് ടേമിലായി മിസ്സൂറി സിറ്റിയുടെ മുഖഛായ മാറ്റിയ റോബിൻ ഇലക്കാട്ടിനു മിന്നും വിജയമാണ് ഇക്കുറി നേടാനായത്. 55% വോട്ടാണ് റോബിൻ ഇലക്കാട്ടിന് ലഭിച്ചത്. എതിർ സ്ഥാനാർത്ഥി ജെഫറി ബോണിക്ക് 45 ശതമാനം വോട്ടും.
റോബിൻ ഇലക്കാട്ടിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔദ്യോഗിക കിക്കോഫ് തുടങ്ങിയത് മുതൽ മിസോറി സിറ്റി തിരഞ്ഞെടുപ്പ് ചൂടിലായിരുന്നു. ഒരു നഗരത്തിന്റെ വികസനത്തിനൊപ്പം ആത്മവിശ്വാസത്തോടെ രണ്ട് ടേമിൽ മുന്നേറിയ മേയർ റോബിൻ ഇലക്കാട്ട്, കേരളത്തിന്റെ മണ്ണിൽ നിന്നും പഠിച്ച രാഷ്ട്രീയപാഠമാണ് അദ്ദേഹത്തിന് മിസോറിയിലും വിജയ കിരീടം നൽകിയത്.
മേയറായതിന് ശേഷം പൊതുജന സുരക്ഷ, നികുതി ഇളവുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ജനശ്രദ്ധയാകർഷിച്ചിരുന്നു. പുതിയ ബിസിനസ് സംരംഭങ്ങൾ സിറ്റിയിൽ വരാൻ നികുതിയിളവ് ഉൾപ്പെടെയുള്ളവ നൽകിയും, പ്രോപ്പർട്ടി ടാക്സ് കുറച്ചതും, മുതിർന്നവർക്കും വികലാംഗർക്കും പ്രത്യേക നികുതിയിളവ് നൽകിയതും സിറ്റിയുടെ ചരിത്രത്തിൽ തന്നെ ആദ്യ സംഭവമായിരുന്നു.
Robin Elakatt again Missouri City Mayor













