
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് നഗരത്തിലെ റോക്ക്‌ഫെല്ലര്‍ സെന്റര്‍ ക്രിസ്മസ് ട്രീയില്‍ തിരിതെളിയുന്നതോടെയാണ് യു.എസില്‍ അവധിക്കാലത്തിന് ഔദ്യോഗിക തുടക്കമാകുക. ഗംഭീര ചടങ്ങുകളോടെയാണ് എല്ലാ കൊല്ലവും റോക്ക്‌ഫെല്ലര്‍ ക്രിസ്മസ് ട്രീയിലെ വൈദ്യുത വിളക്കുകളും നക്ഷത്രങ്ങളും തെളിയിക്കുന്നത്. ഇവിടെ സ്ഥാപിക്കാനായി ഇക്കൊല്ലത്തെ ട്രീയും എത്തിക്കഴിഞ്ഞു.
ഈ വര്‍ഷത്തെ മരം അല്‍ബാനിയുടെ പ്രാന്തപ്രദേശമായ ഈസ്റ്റ് ഗ്രീന്‍ബുഷിലെ അപ്സ്റ്റേറ്റ് പട്ടണത്തില്‍ നിന്നാണ് എത്തിയത്. 75 അടി ഉയരമുള്ള (23 മീറ്റര്‍ ഉയരമുള്ള) നോര്‍വേ സ്പ്രൂസ് ആണിത്. ഏകദേശം 240 കിലോമീറ്റര്‍ താണ്ടിയാണ് മരം ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനിലെത്തിച്ചിരിക്കുന്നത്. മരം സഞ്ചരിച്ച വഴിയിലുടനീളം കൗതുകകരമായ ഈ കാഴ്ച നിരവധിപ്പേരെ ആകര്‍ഷിച്ചു. റോക്ക്‌ഫെല്ലര്‍ പ്ലാസയില്‍ ട്രീ എത്തുന്നത് കാണാനും ജനങ്ങള്‍ ഒത്തുകൂടിയിരുന്നു. നിരവധി തൊഴിലാളികള്‍ ക്രെയിനുകള്‍ ഉപയോഗിച്ചാണ് 11 ടണ്‍ ഭാരമുള്ള മരം ഐക്കണിക് സ്‌കേറ്റിംഗ് റിങ്കിനെ അഭിമുഖീകരിക്കുന്ന സ്ഥാനത്ത് ഉയര്‍ത്തിയത്. ആളുകള്‍ മൊബൈലില്‍ ചിത്രങ്ങളെടുക്കുകയും ആഘോഷങ്ങളിലേക്കുള്ള തുടക്കത്തെക്കുറിച്ച് വാചാലരാകുകയും ചെയ്തു. പുതിയ ക്രിസ്മസ് ട്രീയുടെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുമുണ്ട്.

അന്‍പതിനായിരത്തിലേറെ എല്‍ഇഡി ലൈറ്റുകളും അലങ്കാരങ്ങളും കൊണ്ടാണ് ഈ ട്രീയെ ഒരുക്കുക. ഇതുകാണാന്‍ കാണാന്‍ വലിയ ജനക്കൂട്ടമാണ് റോക്ക്‌ഫെല്ലറില്‍ എല്ലാക്കൊല്ലവും എത്താറുള്ളത്. താരനിബിഡ ചടങ്ങുകളോടെയാണ് ക്രിസ്മസ് ട്രീയില്‍ ദീപം തെളിക്കുന്നത്. ഡിസംബര്‍ മൂന്നിനാണ് ഈ ചടങ്ങ്.
30 ലക്ഷം ക്രിസ്റ്റലുകള്‍ ചേര്‍ത്ത് നിര്‍മ്മിക്കുന്ന സ്വറോവ്സ്‌കി നക്ഷത്രമാണ് ക്രിസ്മസ് ട്രീയുടെ ഏറ്റവും ശ്രദ്ധേയ ഭാഗം. റോക്ക്‌ഫെല്ലര്‍ സെന്ററിലെ പ്രശസ്തമായ ഐസ് സ്‌കേറ്റിംഗ് റിങ്കിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ക്രിസ്മസ് ട്രീ ജനുവരി പകുതി വരെ ഇവിടെയുണ്ടാകും. ക്രിസ്മസ് ദിനത്തില്‍ 24 മണിക്കൂറും ട്രീയില്‍ ലൈറ്റുകള്‍ പ്രകാശിപ്പിക്കും.
വെസ്റ്റ് സ്റ്റോക്ക്ബ്രിഡ്ജ് എന്ന ചെറുപട്ടണത്തില്‍ നിന്ന് എത്തിച്ച 74 അടി ഉയരവും 43 അടി വീതിയുമുള്ള മരമാണ് കഴിഞ്ഞവർഷം ക്രിസ്മസ് ട്രീ ആയത്. മരത്തിന് ഏകദേശം, 70 വര്‍ഷം പഴക്കമുണ്ടായിരുന്നു.
Rockefeller Center Christmas tree arrives in Manhattan.















