
വാഷിംഗ്ടൺ: സിറിയയിൽ ഐസിസ് ഭീകരർക്കെതിരെ അമേരിക്കൻ സൈന്യവും സഖ്യകക്ഷികളും നടത്തിയ സൈനിക നീക്കത്തിൽ ഏകദേശം 25 ഭീകരർ കൊല്ലപ്പെടുകയോ പിടിയിലാവുകയോ ചെയ്തുവെന്ന് സ്ഥിരീകരണം. ഡിസംബർ 20 മുതൽ 29 വരെ നടത്തിയ 11 പ്രത്യേക ദൗത്യങ്ങളിലാണ് ഈ നേട്ടം കൈവരിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് ചൊവ്വാഴ്ച അറിയിച്ചു. ഈ മാസമാദ്യം സിറിയയിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതിനും ഒരു പരിഭാഷകൻ വധിക്കപ്പെട്ടതിനും പകരമായാണ് ഈ ശക്തമായ സൈനിക നടപടി.
10 ദിവസത്തിനുള്ളിൽ നടന്ന 11 മിഷനുകളിലായി ഏഴ് ഐസിസ് ഭീകരർ കൊല്ലപ്പെട്ടു. ബാക്കിയുള്ളവരെ സൈന്യം പിടികൂടി. ഭീകരരുടെ നാല് വലിയ ആയുധ സംഭരണ കേന്ദ്രങ്ങൾ സൈന്യം തകർത്തു. ഡിസംബർ 13-ന് നടന്ന ആക്രമണത്തിന് മറുപടിയായി ഡിസംബർ 19-ന് ‘ഓപ്പറേഷൻ ഹോക്ക്ഐ സ്ട്രൈക്ക്’ എന്ന പേരിൽ അമേരിക്കയും ജോർദാനും ചേർന്ന് സിറിയയിലെ 70-ഓളം ഐസിസ് കേന്ദ്രങ്ങളിൽ വൻ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ കരസേനാ ദൗത്യങ്ങൾ.
അമേരിക്കൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മേഖലയിൽ ഐസിസ് വീണ്ടും ശക്തിപ്രാപിക്കുന്നത് തടയുന്നതിനുമാണ് ഈ നീക്കങ്ങളെന്ന് സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ വ്യക്തമാക്കി.
“ഞങ്ങൾ വിശ്രമിക്കില്ല,” എന്ന് വ്യക്തമാക്കിയ അഡ്മിറൽ കൂപ്പർ, മേഖലയിലെ സഖ്യകക്ഷികളുമായി ചേർന്ന് ഐസിസ് ഭീഷണിയെ വേരോടെ പിഴുതെറിയുമെന്ന് പ്രഖ്യാപിച്ചു. ഐസിസ് നെറ്റ്‌വർക്കുകളെ തകർക്കുന്നത് അമേരിക്കയുടെയും ലോകത്തിന്റെയും സുരക്ഷയ്ക്ക് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.














