
ക്വാലാലംപുർ: റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മലേഷ്യയിൽ കൂടിക്കാഴ്ച നടത്തി. യുക്രൈനുമായുള്ള സമാധാന ചർച്ചകളിൽ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ സഹകരിക്കാത്തതിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നിരാശ പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഈ നിർണായക കൂടിക്കാഴ്ച. ആസിയാൻ (അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ്) ഉച്ചകോടിയുടെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്. മേഖലയിലെ സഖ്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഊന്നൽ നൽകേണ്ടിയിരുന്ന ഈ യാത്രയിൽ യുക്രൈൻ യുദ്ധം മുഖ്യ ചർച്ചാ വിഷയമായി മാറി.
കൂടിക്കാഴ്ചയ്ക്ക് മുമ്പ് ഇരു രാജ്യങ്ങളിലെയും ഉന്നത നയതന്ത്രജ്ഞർ മാധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറായില്ല. റഷ്യൻ വിദേശകാര്യ മന്ത്രിക്ക് നൽകാനുള്ള സന്ദേശമെന്താണെന്ന് ചോദിച്ചപ്പോൾ റൂബിയോ പ്രതികരിച്ചില്ലെങ്കിലും, ലാവ്റോവിനെ നോക്കി കണ്ണിറുക്കി. യുക്രൈനിലേക്കുള്ള ആയുധ വിതരണം താൽക്കാലികമായി നിർത്തിവെച്ച പെന്‍റഗണിന്റെ നടപടി, യുഎസ് സൈനിക സഹായം സംബന്ധിച്ച് ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ യുക്രൈന് പ്രതിരോധ ആയുധങ്ങൾ ആവശ്യമാണെന്ന് ട്രംപ് ഈ ആഴ്ച പലതവണ ആവർത്തിച്ചു.
വൈറ്റ് ഹൗസിനെ അറിയിക്കാതെയാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് കഴിഞ്ഞയാഴ്ച യുക്രൈനിലേക്കുള്ള ആയുധ കയറ്റുമതി നിർത്തിവെക്കാൻ അനുമതി നൽകിയതെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഈ നടപടി റൂബിയോയെയും അമ്പരപ്പിച്ചു. തടസ്സപ്പെട്ട ആയുധ വിതരണം ഭാഗികമായി പുനരാരംഭിക്കുമെന്ന് പിന്നീട് ട്രംപ് വ്യക്തമാക്കി. പിന്നാലെ ട്രംപ് പുടിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.