
വാഷിംഗ്ടൺ: ഔദ്യോഗിക ആശയവിനിമയങ്ങളിൽ ടൈംസ് ന്യൂ റോമൻ (Times New Roman) ഫോണ്ട് വീണ്ടും ഉപയോഗിക്കാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉത്തരവിട്ടു. മുൻ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ കാലിബ്റി (Calibri) ഫോണ്ട് സ്വീകരിച്ചതിനെ പാഴായ വൈവിധ്യവൽക്കരണ നീക്കമായി റൂബിയോ വിശേഷിപ്പിച്ചു. റോയിട്ടേഴ്സിന് ലഭിച്ച ആഭ്യന്തര വകുപ്പ് നിര്‍ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
2023 ജനുവരിയിൽ ബ്ലിങ്കൻ്റെ നേതൃത്വത്തിലാണ് വകുപ്പ് കാലിബ്റി എന്ന ആധുനിക സാൻസ്-സെരിഫ് ഫോണ്ടിലേക്ക് മാറിയത്. ഇതിന് അലങ്കാര ഫീച്ചറുകൾ ഇല്ലാത്തതിനാൽ, കാഴ്ച പ്രശ്നങ്ങൾ നേരിടുന്നവർക്ക് കൂടുതൽ പ്രാപ്യമായ ഫോണ്ടാണിതെന്നും ഇത് മൈക്രോസോഫ്റ്റ് ഉൽപ്പന്നങ്ങളിലെ ഡിഫോൾട്ട് ഫോണ്ടാണെന്നുമായിരുന്നു അന്നത്തെ വിശദീകരണം.
ഡിസംബർ ഒമ്പതിന് എല്ലാ യുഎസ് നയതന്ത്ര കേന്ദ്രങ്ങളിലേക്കും അയച്ച ഉത്തരവിൽ, ഒരു ഔദ്യോഗിക രേഖയുടെ പ്രൊഫഷണലിസം രൂപപ്പെടുത്തുന്നതിൽ ടൈപ്പോഗ്രാഫിക്ക് പങ്കുണ്ട് എന്നും, സെരിഫ് ടൈപ്പ്ഫേസുകളുമായി താരതമ്യം ചെയ്യുമ്പോൾ കാലിബ്റി അനൗപചാരികമാണെന്നും പറയുന്നു. വകുപ്പിൻ്റെ രേഖാമൂലമുള്ള ജോലിയുടെ മാന്യതയും പ്രൊഫഷണലിസവും പുനഃസ്ഥാപിക്കുന്നതിനായി ടൈംസ് ന്യൂ റോമനെ അതിൻ്റെ സാധാരണ ടൈപ്പ്ഫേസായി തിരികെ കൊണ്ടുവരുന്നു എന്നും നിർദേശത്തിൽ പറയുന്നു.












