
വാഷിംഗ്ടൺ: പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും വ്യാപാര സഹകരണത്തിനും പ്രാദേശിക സുരക്ഷയ്ക്കും ഊന്നൽ നൽകി ഇരു നേതാക്കളും വിപുലമായ ചർച്ചകൾ നടത്തി.
“ഭീകരവാദത്തെ ചെറുക്കുന്നതിലും പ്രാദേശിക സ്ഥിരത നിലനിർത്തുന്നതിലും പാകിസ്ഥാന്‍റെ പങ്കാളിത്തത്തിന്” ദാറിന് നന്ദി പറഞ്ഞതായി റൂബിയോ ‘എക്സി’ൽ കുറിച്ചു. ഉഭയകക്ഷി വ്യാപാരം വികസിപ്പിക്കുന്നതിനും നിർണായക ധാതു, ഖനന മേഖലകളിൽ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനും ഉള്ള വഴികളും നേതാക്കൾ ചർച്ച ചെയ്തു.
“ഇറാനുമായുള്ള സംഭാഷണങ്ങളിൽ ക്രിയാത്മകമായ പങ്ക് വഹിക്കാനുള്ള പാകിസ്ഥാന്റെ തുടർച്ചയായ സന്നദ്ധതയ്ക്കും പ്രാദേശിക സ്ഥിരത നിലനിർത്തുന്നതിനുള്ള പ്രതിബദ്ധതയ്ക്കും” സെക്രട്ടറി റൂബിയോ നന്ദി രേഖപ്പെടുത്തിയെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടാമി ബ്രൂസ് പറഞ്ഞു. ഈ ഓഗസ്റ്റിൽ ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന യുഎസ്-പാകിസ്ഥാൻ ഭീകരവാദ വിരുദ്ധ ചർച്ചകളെക്കുറിച്ചുള്ള പദ്ധതികളും ഇരുപക്ഷവും ചർച്ച ചെയ്തു. ഐസിസ്-കെ പോലുള്ള ഭീകരസംഘടനകൾക്കെതിരായ സഹകരണം വർദ്ധിപ്പിക്കുന്നതും ചർച്ചയിൽ ഉൾപ്പെട്ടു. ഇരു രാജ്യങ്ങളും ഈ മേഖലയിലെ ഭീകരവാദ വിരുദ്ധ ശ്രമങ്ങൾ വികസിപ്പിക്കാൻ ശ്രമിക്കുന്ന പശ്ചാത്തലത്തിലാണിത്.
“പരസ്പരം പ്രയോജനകരമായ ഉഭയകക്ഷി വ്യാപാരം വികസിപ്പിക്കുന്നതിനും” ധാതു മേഖലയിലെ ഭാവിയിലെ സംയുക്ത പ്രവർത്തന സാധ്യതകൾ ആരായാനും സെക്രട്ടറി റൂബിയോ ഊന്നൽ നൽകി. നിർണായക വിഭവങ്ങൾക്കായുള്ള ആഗോള ആവശ്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ മേഖലയ്ക്ക് തന്ത്രപരമായ പ്രാധാന്യം വർദ്ധിച്ചുവരികയാണ്.
ഇഷാഖ് ദാർ എട്ടു ദിവസത്തെ യുഎസ് സന്ദർശനത്തിനായാണ് എത്തിയത്. ഈ മാസം പാകിസ്ഥാന്റെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ (UNSC) അധ്യക്ഷ പദവിയുടെ ഭാഗമായി അദ്ദേഹം നിരവധി UNSC യോഗങ്ങൾക്ക് അധ്യക്ഷത വഹിച്ചു.