
ക്വാലാലംപുർ: യുക്രൈൻ വിഷയത്തിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനുള്ള നിരാശയും രോഷവും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവിനെ അറിയിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. മലേഷ്യയിൽ നടന്ന ചര്‍ച്ചയിൽ യുക്രൈനിലെ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള പുതിയ ആശയങ്ങളും ചർച്ച ചെയ്തതായി റൂബിയോ വ്യക്തമാക്കി. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാൻ ഉച്ചകോടിയുടെ ഭാഗമായാണ് മലേഷ്യയിൽ ഈ കൂടിക്കാഴ്ച നടന്നത്. മേഖലയിലെ സഖ്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഊന്നൽ നൽകേണ്ടിയിരുന്ന ഈ യാത്രയിൽ യുക്രൈൻ യുദ്ധം മുഖ്യ ചർച്ചാ വിഷയമായി മാറി.
യുക്രൈനുമായി സമാധാന ചർച്ചകളിൽ ഏർപ്പെടാത്തതിൽ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനോടുള്ള ട്രംപിന്റെ അതൃപ്തി ട്രംപ് പ്രകടിപ്പിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഈ കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്ക് ശേഷം താനും ലാവ്റോവും ചില ആശയങ്ങളും അഭിപ്രായങ്ങളും കൈമാറിയെന്ന് അറിയിച്ചു. റഷ്യ മുന്നോട്ട് വെച്ചത് ഒരു പുതിയതും വ്യത്യസ്തവുമായ സമീപനമാണ് എന്നും അദ്ദേഹം വിശേഷിപ്പിച്ചു. സമാധാന ചർച്ചകളിലോ മുന്നോട്ടുള്ള വഴിയിലോ പുരോഗതിയില്ലാത്തതിൽ പ്രസിഡന്‍റ് പ്രകടിപ്പിച്ച നിരാശയും രോഷവും ആവർത്തിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഈ കാര്യങ്ങൾക്ക് സമയവും ക്ഷമയും ആവശ്യമാണെന്ന് മനസ്സിലാക്കുന്നു. എന്നാൽ കൂടുതൽ പുരോഗതി ഉണ്ടാകാത്തതിൽ നിരാശരാണ്. ഇന്നത്തെ കൂടിക്കാഴ്ചയുടെയും വരും ദിവസങ്ങളുടെയും അടിസ്ഥാനത്തിൽ, റഷ്യൻ നിലപാടും മുൻഗണനകളും എന്താണെന്ന് കൂടുതൽ വ്യക്തമാവുകയും ചില പുരോഗതികൾ കൈവരിക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നുവെന്നും റൂബിയോ കൂട്ടിച്ചേർത്തു.