
വാഷിംഗ്ടൺ: യുഎസ് ആക്ടിവിസ്റ്റ് ചാർളി കിർക്കിന്റെ കൊലപാതകത്തെ ആഘോഷിച്ചവർക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വിസ നിഷേധിച്ചതായി സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. പുതിയതായി നൽകിയ വിസകൾ റദ്ദാക്കിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും എന്നാൽ അത്തരം വിസകൾ റദ്ദാക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ഇസ്രായേലിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നുഅദ്ദേഹം. “ആരെങ്കിലും കൊല്ലപ്പെടുന്നത് ഒരു നല്ല കാര്യമാണെന്ന് കരുതുന്ന മണ്ടന്മാർക്ക് ലോകത്ത് ഒരു കുറവുമില്ല,” റൂബിയോ പറഞ്ഞു.
“ഇത്തരം ചിന്താഗതിയുള്ള ആളുകൾ യുഎസ് പൗരന്മാരാണെന്നത് ഒരു മോശം കാര്യമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
എത്ര വിസകൾ നിഷേധിച്ചു, എന്തടിസ്ഥാനത്തിലാണ് ഈ ആളുകൾ കിർക്കിന്റെ മരണത്തെ ആഘോഷിച്ചുവെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് തീരുമാനിച്ചത്, അല്ലെങ്കിൽ ഏത് നിയമപ്രകാരമാണ് വിസ നിഷേധിച്ചത് തുടങ്ങിയ കാര്യങ്ങളിൽ റൂബിയോ കൂടുതൽ വിവരങ്ങൾ നൽകിയില്ല.