
വാഷിങ്ടന്‍ : വലതു കയ്യില്‍ വലിയ കറുത്ത പാട് കണ്ടെത്തിയതോടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് പല കോണില്‍ നിന്നും ചോദ്യങ്ങളും അഭ്യൂഹങ്ങളും ഉയരുന്നു. വലതു കയ്യുടെ പിന്‍ വശത്തായാണ് അൽപം വലിയ പരന്ന കറുത്ത പാട് കാണുന്നത്. അടുത്തിടെയായി പൊതുപരിപാടികളിലും ഉന്നതരുമായുള്ള ചില കൂടിക്കാഴ്ചകളിലും ഈ പാട് മേക്കപ്പിട്ട് മറച്ചുവയ്ക്കുകയോ ഇടതു കൈ കൊണ്ടു മറച്ചുപിടിക്കുകയോ ചെയ്തതായി പല രാജ്യാന്തര മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്തിട്ടുമുണ്ട്.
ട്രംപിന് അസാധാരണമായ ഒരു മസ്തിഷ്‌ക തകരാറിന്റെ ലക്ഷണങ്ങളുണ്ടെന്ന് മനശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു. ഈ ലക്ഷണം ‘കൂടുതല്‍ കൂടുതല്‍ വഷളാകുന്നു’ എന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളായ ഡോ. ഹാരി സെഗലും ഡോ. ജോണ്‍ ഗാര്‍ട്ട്‌നറും ട്രംപിന്റെ വൈജ്ഞാനിക പ്രവര്‍ത്തനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. 79-കാരനായ അദ്ദേഹം ഡിമെന്‍ഷ്യയുടെ വ്യക്തമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ഓര്‍ക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരുന്നതുമൂലം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്ന അവസ്ഥയാണ് ഡിമെന്‍ഷ്യ.
ട്രംപിന്റെ പെരുമാറ്റവും ഭാഷയിലെ ചില മാറ്റങ്ങളും പ്രവര്‍ത്തന വൈകല്യവും പലരും മുമ്പും ശ്രദ്ധിക്കുകയും ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്. ട്രംപിന്റെ ആരോഗ്യത്തെക്കുറിച്ച് ചില ചൂണ്ടിക്കാട്ടലുകള്‍ നടത്തിയ വിദഗ്ധര്‍ പറയുന്നത് അദ്ദേഹത്തിന് ഒന്നിലധികം തരം ഡിമെന്‍ഷ്യ ബാധിച്ചിരിക്കാമെന്നാണ്.
പെരുമാറ്റത്തിലും സംസാരത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഫ്രണ്ടോടെമ്പറല്‍ ഡിമെന്‍ഷ്യ എന്ന ഒരു തരം ഡിമെന്‍ഷ്യ ട്രംപിനെ ബാധിച്ചിട്ടുണ്ടെന്നാണ് ഡോ. ജോണ്‍ ഗാര്‍ട്ട്‌നര്‍ പറയുന്നത്. മറ്റ് തരത്തിലുള്ള ഡിമെന്‍ഷ്യകളെപ്പോലെ, ഈ തകരാറും തലച്ചോറിന്റെ മുന്‍വശത്തെയും വശങ്ങളെയും ബാധിക്കുന്നു. ഇത് സാധാരണയായി നിരവധി വര്‍ഷങ്ങളെടുത്ത് വഷളായി മാറുകയാണ് ചെയ്യുക.
ട്രംപും പുടിനും തമ്മില്‍ അടുത്തിടെ നടന്ന അലാസ്‌ക ഉച്ചകോടിയില്‍ ട്രംപിന്റെ പെരുമാറ്റം ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. റെഡ് കാര്‍പെറ്റില്‍ പുടിനെ സ്വീകരിക്കാന്‍ കാത്തുനിന്ന ട്രംപിന് നേരെ നടക്കാന്‍ ബുദ്ധിമുട്ടുള്ളതായി തോന്നുന്ന ചില വീഡിയോകളും പ്രചരിക്കുന്നുണ്ട്.
ഫെബ്രുവരിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയുള്ള കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ കയ്യിലെ കറുത്തപാട് ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. തിങ്കളാഴ്ച ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ചെ മ്യങ്ങുമായി വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ നിന്നുള്ള ചിത്രങ്ങളിളും ഈ പാട് വ്യക്തമായി കാണാം. ജൂലൈയില്‍ യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ഡെര്‍ ലെയനുമായുള്ള കൂടിക്കാഴ്ചയിലും ഇക്കഴിഞ്ഞ 22ന് ഫിഫ പ്രസിഡന്റായി ജിയാനി ഇന്‍ഫന്റിനോയുമായുള്ള കൂടിക്കാഴ്ചയിലും കറുത്ത പാട് മേക്കപ്പ് ഉപയോഗിച്ച് മറച്ചിരുന്നതായും ചില റിപ്പോര്‍ട്ടുകളുണ്ട്.
നിരവധി ആളുകളുമായി ഹസ്തദാനം ചെയ്യുന്നതിനാലാണ് ഇത്തരത്തില്‍ കയ്യിലൊരു പാടുണ്ടായതെന്നാണ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിന്‍ ലീവിറ്റിന്റെ പ്രതികരണം. ഇതു മാത്രമല്ല, ഹൃദയരോഗ പ്രതിരോധ ചികിത്സയുടെ ഭാഗമായി ആസ്പിരിന്‍ കഴിക്കുന്നതിന്റെയും ഭാഗമായാണ് ഈ കറുത്ത പാട് എന്നാണ് ട്രംപിന്റെ ഡോക്ടര്‍ സീന്‍ ബാര്‍ബബെല്ല വ്യക്തമാക്കിയത്.