
വാഷിംഗ്ടണ്‍ : തീരുവ ഭൂതത്തെക്കാട്ടി ലോക വിപണിയെ ഭീഷണിപ്പെടുത്തുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ചയ്‌ക്കൊരുങ്ങി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. ട്രംപ്-പുടിന്‍ കൂടിക്കാഴ്ച അടുത്ത ആഴ്ച തന്നെ നടക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
റഷ്യ – യുക്രെയ്ന്‍ വിഷയത്തില്‍ വെടിനിര്‍ത്തലിന് ട്രംപ് നടത്തിയ ശ്രമം ഫലമ കാണാത്ത സാഹചര്യത്തില്‍ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നിര്‍ണായകമാണ്. പുടിനും യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായും കൂടിക്കാഴ്ച നടത്തുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ട്രംപ് വ്യക്തമായി മറുപടി പറഞ്ഞിട്ടില്ല.
പുടിനും ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫും തമ്മില്‍ ബുധനാഴ്ച മോസ്‌കോയില്‍ നടന്ന ചര്‍ച്ചകളില്‍ വഴിത്തിരിവുണ്ടായോ എന്നും പുടിന്‍ മുമ്പ് ചെയ്യാന്‍ തയ്യാറാകാത്ത എന്തെങ്കിലും വിട്ടുവീഴ്ച ചെയ്തിട്ടുണ്ടോ എന്നതും യുഎസ് കൃത്യമായി പുറത്തുവിട്ടിട്ടില്ല. ചര്‍ച്ചയ്ക്കു ശേഷം ബുധനാഴ്ച മോസ്‌കോയില്‍ നിന്ന് വിറ്റ്‌കോഫ് തിരിച്ചെത്തിയപ്പോള്‍, പുടിന്‍ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രസിഡന്റ് ട്രംപിനോട് അദ്ദേഹം അറിയിച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതിനു മറുപടിയായി പുടിന്‍ യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായും കൂടിക്കാഴ്ച നടത്തിയാല്‍ താന്‍ തയ്യാറാണെന്ന് ട്രംപ് സൂചിപ്പിച്ചതായും ചില റിപ്പോര്‍ട്ടുകളുണ്ട്.















