സമാധാനം അരികെ ?റഷ്യയും യുക്രെയ്‌നും ഒരു കരാറിന് വളരെ അടുത്താണെന്ന് ട്രംപ്

വാഷിംഗ്ടണ്‍: റഷ്യയും യുക്രെയ്‌നും സമാധാനത്തിനരികെ എന്ന സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വെള്ളിയാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ യുഎസ് പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ട്രംപിന്റെ അവകാശ വാദം എത്തിയത്. യുക്രെയ്നുമായി നേരിട്ടുള്ള ചര്‍ച്ചകളുടെ ‘സാധ്യത’യെക്കുറിച്ച് ചര്‍ച്ച ചെയ്തുവെന്ന് റഷ്യയും പറഞ്ഞു. മോസ്‌കോയ്ക്ക് പുറത്ത് ഒരു കാര്‍ ബോംബ് ആക്രമണത്തില്‍ ഒരു ഉന്നത റഷ്യന്‍ ജനറല്‍ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പുടിനും യുഎസ് പ്രസിഡന്റിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും തമ്മിലുള്ള ചര്‍ച്ചകള്‍ നടന്നത്.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വെള്ളിയാഴ്ച വൈകി റോമിലെത്തിയ ട്രംപ്, ‘റഷ്യയുമായും യുക്രെയ്‌നുമായും നടത്തിയ ചര്‍ച്ചകളിലും കൂടിക്കാഴ്ചകളിലും ഇത് ഒരു നല്ല ദിവസമായിരുന്നു’ എന്നാണ് പ്രതികരിച്ചത്. ‘അവര്‍ ഒരു കരാറിനോട് വളരെ അടുത്താണ്, ഇരുപക്ഷവും ഇപ്പോള്‍ വളരെ ഉയര്‍ന്ന തലങ്ങളില്‍ യോഗം ചേര്‍ന്ന് ‘അത് പൂര്‍ത്തിയാക്കണം’,’ അദ്ദേഹം തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്തു. മാത്രമല്ല, ‘മിക്ക പ്രധാന കാര്യങ്ങളും അംഗീകരിക്കപ്പെട്ടിട്ടുണ്ട്,’ എന്നും അദ്ദേഹം പറഞ്ഞു. വെടിനിര്‍ത്തലിലേക്കുള്ള പുരോഗതി കാണുന്നില്ലെങ്കില്‍ സമാധാന ശ്രമങ്ങളില്‍ നിന്ന് പിന്മാറുമെന്ന് മുമ്പ് ഭീഷണിപ്പെടുത്തിയ ട്രംപ് സമാധാന കരാറിന്റെ മറ്റ് വിശദാംശങ്ങളൊന്നും നല്‍കാന്‍ തയ്യാറായിട്ടില്ല.

അതേസമയം, റഷ്യ പിടിച്ചെടുത്ത ക്രിമിയയെ വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ത്തന്നെയാണ് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ഇപ്പോഴും.

2022 ഫെബ്രുവരിയില്‍ റഷ്യ യുക്രെയ്ന്‍അധിനിവേശം ആരംഭിച്ചതിനുശേഷം പതിനായിരക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായ സംഘര്‍ഷത്തെക്കുറിച്ച് റഷ്യയും യുക്രെയ്‌നും ഇതുവരെ നേരിട്ട് ചര്‍ച്ചകള്‍ നടത്തിയിട്ടില്ല.

Also Read

More Stories from this section

family-dental
witywide