
മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയെ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം. യുക്രൈൻ ഞായറാഴ്ച നടത്തിയ ഡ്രോണാക്രമണത്തിൽ റഷ്യയിലെ ഏറ്റവുംവലിയ ആണവനിലയങ്ങളിലൊന്നായ കുർസ്ക് ആണവനിലയത്തിനു തീപിടിച്ചു. നിലയത്തിലെ ഒരു ഓക്സിലിയറി ട്രാൻസ്ഫോമറിന് കേടുപറ്റുകയും റിയാക്ടറുകളൊന്നിന്റെ പ്രവർത്തനശേഷിയിൽ 50 ശതമാനം കുറവുണ്ടാകുകയുംചെയ്തു.
ഉസ്ത് ലൂഗയിലെ നോവാടെക്കിന്റെ ഒരു ഇന്ധനക്കയറ്റുമതി ടെർമിനലിലും യുക്രൈൻ ആക്രമണത്തിൽ തീപിടിച്ചു. ആണവവികിരണതോത് സാധാരണനിലയിലാണെന്നും തീപ്പിടിത്തങ്ങളിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു. 1991-ൽ യുക്രൈൻ സോവിയറ്റ് യൂണിയനിൽനിന്ന് സ്വതന്ത്രമായതിന്റെ വാർഷികദിനത്തിലായിരുന്നു ആക്രമണം.
റഷ്യയുടെ വിവിധഭാഗങ്ങളിലായി ഞായറാഴ്ച 95 യുക്രൈൻ ഡ്രോണുകളെങ്കിലും തടഞ്ഞതായി റഷ്യൻ പ്രതിരോധമന്ത്രാലയം പറഞ്ഞു. യുക്രൈൻ അതിർത്തിയിൽനിന്ന് 60 കിലോമീറ്റർ മാത്രം അകലെയുള്ള കുർസ്ക് ആണവനിലയത്തെ ലക്ഷ്യമാക്കിവന്ന ഡ്രോണിനെ വ്യോമപ്രതിരോധസംവിധാനം തടഞ്ഞിരുന്നു. എന്നാൽ, മൂന്നാം ആണവറിയാക്ടറിനു സമീപം വീണ ഡ്രോൺ പൊട്ടിത്തെറിക്കുകയും നിലയത്തിന് തീപിടിക്കുകയുംചെയ്തു. തെക്കൻ റഷ്യൻ നഗരമായ സിസ്സറാനിൽനടന്ന യുക്രൈൻ ആക്രമണത്തിൽ കുട്ടിക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ഞായറാഴ്ചയാണ് മോസ്‌കോ ഉള്‍പ്പെടെയുള്ള മേഖലകളെ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണമുണ്ടായത്. മോസ്‌കോയ്ക്ക് നേരേ തൊടുത്തുവിട്ട ഡ്രോണ്‍ റഷ്യന്‍ വ്യോമപ്രതിരോധ സംവിധാനം വെടിവെച്ചിട്ടെന്നും ഇതിന്റെ അവശിഷ്ടങ്ങള്‍ വിദഗ്ധര്‍ പരിശോധിച്ചുവരികയാണെന്നും മോസ്‌കോ മേയര്‍ സെര്‍ജി സോബിയാനിന്‍ പറഞ്ഞു.
മോസ്‌കോ ഉള്‍പ്പെടെയുള്ള മേഖലകളെ ലക്ഷ്യമിട്ട 32 ഡ്രോണുകളാണ് മൂന്നുമണിക്കൂറിനുള്ളില്‍ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്‌ചെയ്തു. ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ റഷ്യയിലെ വിവിധ വിമാനത്താവളങ്ങള്‍ അടച്ചിട്ടതായും റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടിലുണ്ട്. മോസ്കോയുടെ കിഴക്കൻ, തെക്കുകിഴക്കൻ മേഖലകളായ ഇസെവ്‌സ്‌ക്, നിഷ്‌നി നോള്‍വ്‌ഗൊറോഡ്, സമാറ, പെന്‍സ, താംബോവ്, ഉല്യാനോവ്‌സ്‌ക് തുടങ്ങിയ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് താത്കാലികമായി നിര്‍ത്തിവെച്ചത്.
Russia blocks drone attack targeting Moscow, closes several airports