
മോസ്കോ: ഇന്ത്യക്കെതിരെയുള്ള യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണിക്കെതിരെ പ്രതികരിച്ച് റഷ്യ. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിന്‍റെ പേരിൽ ഇന്ത്യക്കെതിരെ യുഎസ് പ്രസിഡന്‍റ് ട്രംപ് പുതിയ താരിഫ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് പ്രതികരണം. റഷ്യയുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കാൻ രാജ്യങ്ങളെ നിയമവിരുദ്ധമായി ഭീഷണിപ്പെടുത്തുകയാണ് ട്രംപ് ചെയ്യുന്നതെന്ന് റഷ്യ വിമർശിച്ചു.
“രാജ്യങ്ങളെ റഷ്യയുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കാൻ നിർബന്ധിക്കുന്ന ഭീഷണികൾ അടങ്ങിയ നിരവധി പ്രസ്താവനകൾ ഞങ്ങൾ കേൾക്കുന്നുണ്ട്. ഇത്തരം പ്രസ്താവനകൾ നിയമപരമായി ഞങ്ങൾ കണക്കാക്കുന്നില്ല,” ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. “പരമാധികാരമുള്ള രാജ്യങ്ങൾക്ക് അവരുടേതായ വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. ഒരു രാജ്യത്തിൻ്റെ താൽപര്യങ്ങൾക്കനുസരിച്ച് വ്യാപാര-സാമ്പത്തിക സഹകരണത്തിനുള്ള മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കാൻ അവർക്ക് അവകാശമുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യൻ എണ്ണ വൻതോതിൽ വാങ്ങുന്ന ഇന്ത്യക്കെതിരെ അധിക താരിഫ് ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് താരിഫ് വലിയ തോതിൽ വർദ്ധിപ്പിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയത്. “ഇന്ത്യ റഷ്യൻ എണ്ണ വൻതോതിൽ വാങ്ങുക മാത്രമല്ല, വാങ്ങിയ എണ്ണയിൽ ഭൂരിഭാഗവും തുറന്ന വിപണിയിൽ വലിയ ലാഭത്തിന് വിൽക്കുക കൂടി ചെയ്യുന്നു. ഇക്കാരണത്താൽ, ഇന്ത്യക്കുള്ള താരിഫ് ഞാൻ വലിയ തോതിൽ വർദ്ധിപ്പിക്കുമെന്നാണ് ട്രംപ് പറഞ്ഞത്.