ഇന്ത്യക്ക് അമേരിക്കയുടെ വെല്ലുവിളി തുടരുമ്പോള്‍ ചേര്‍ത്തുപിടിച്ച് റഷ്യ, എണ്ണ 5 ശതമാനം ഡിസ്‌കൗണ്ടില്‍ നല്‍കും

ന്യൂഡല്‍ഹി : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുവ ഭീഷണികള്‍ക്കിടയില്‍ ഇന്ത്യയെ ചേര്‍ത്തുപിടിക്കുന്ന നീക്കവുമായി റഷ്യ. റഷ്യയില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിക്കുന്ന എണ്ണയ്ക്ക് 5 ശതമാനം ഡിസ്‌കൗണ്ട് നല്‍കുന്നുവെന്നാണ് റഷ്യ പറയുന്നത്. യുഎസില്‍ നിന്നുള്ള സമ്മര്‍ദ്ദവും ഉപരോധങ്ങളും ഉണ്ടായിരുന്നിട്ടും, റഷ്യ ഇന്ത്യയ്ക്ക് 5 ശതമാനം കിഴിവില്‍ എണ്ണ വിതരണം തുടരും, രാഷ്ട്രീയ സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴും , ഏകദേശം ഒരേ അളവിലുള്ള എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുവെന്നും ഇന്ത്യയിലെ റഷ്യയുടെ ഡെപ്യൂട്ടി വ്യാപാര പ്രതിനിധി എവ്‌ജെനി ഗ്രിവ പറഞ്ഞു.

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നുവെന്ന് കാട്ടി ശിക്ഷാ തീരുവ എന്ന ഗണത്തില്‍പ്പെടുത്തിയാണ് ഇന്ത്യക്ക് അധിത 25 ശതമാനം അധിക തീരുവ ട്രംപ് ഏര്‍പ്പെടുത്തിയത്. ഇന്ത്യക്ക് എണ്ണ വിറ്റ് റഷ്യ സമ്പാദിക്കുന്ന പണം യുക്രെയ്‌നെതിരായ യുദ്ധത്തില്‍ ഉപയോഗിക്കുന്നുവെന്നാണ് ട്രംപിന്റെ വാദം.

റഷ്യയിലെ മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥനും കഴിഞ്ഞ ദിവസം ഇന്ത്യക്ക് പിന്തുണയുമായി എത്തിയിരുന്നു. ന്യൂഡല്‍ഹിക്ക് ഇത് ഒരു ‘വെല്ലുവിളി നിറഞ്ഞ സാഹചര്യമാണെങ്കിലും ഞങ്ങളുടെ ബന്ധങ്ങളില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്’ എന്ന് റഷ്യന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ റോമന്‍ ബാബുഷ്‌കിന്‍ പറഞ്ഞിരുന്നു. ‘ബാഹ്യ സമ്മര്‍ദ്ദം ഉണ്ടായിരുന്നിട്ടും ഇന്ത്യ-റഷ്യ ഊര്‍ജ്ജ സഹകരണം തുടരുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇന്ത്യക്ക് 50 ശതമാനം തീരുവ ചുമത്തുന്ന അമേരിക്കയുടെ നടപടിയെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. വസ്ത്രങ്ങള്‍, സമുദ്ര ഉത്പന്നങ്ങള്‍, ലെതര്‍ കയറ്റുമതി തുടങ്ങിയ മേഖലകളെ സാരമായി ബാധിക്കാന്‍ സാധ്യതയുള്ള യുഎസിന്റെ തീരുവ വര്‍ദ്ധനവിനെ ‘അന്യായവും, നീതീകരിക്കാത്തതും, യുക്തിരഹിതവുമാണെന്ന് ഇന്ത്യ പ്രതികരിച്ചു. സാമ്പത്തിക സമ്മര്‍ദ്ദത്തിന് മുന്നില്‍ ഇന്ത്യ മുട്ടുമടക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അമേരിക്കയോട് നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു.

More Stories from this section

family-dental
witywide