
വാഷിംഗ്ടൺ: ലഗേജിൽ തവള ഭ്രൂണ സാമ്പിളുകൾ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ മാസം വിസ റദ്ദാക്കിയതിനെ തുടർന്ന് ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഒരു റഷ്യൻ മെഡിക്കൽ ഗവേഷകയെ ലൂസിയാനയിലെ ഒരു ഇമിഗ്രേഷൻ കേന്ദ്രത്തിൽ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് അഭിഭാഷകൻ. 2023 മെയ് മുതൽ കെസെനിയ പെട്രോവ ജെ-1 സ്കോളർ വിസയിൽ അമേരിക്കയിലുണ്ട്, ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്നു. യുക്രൈൻ യുദ്ധത്തെ അപലപിച്ചുള്ള പ്രതിഷേധങ്ങളെ തുടർന്ന് പീഡനവും ജയിൽവാസവും ഭയന്ന് റഷ്യയിലേക്ക് നാടുകടത്തപ്പെടാനുള്ള സാധ്യതക്കെതിരെ പെട്രോവ പോരാടുകയാണെന്ന് അവരുടെ അഭിഭാഷകൻ ഗ്രെഗറി റോമനോവ്സ്കി പറഞ്ഞു.
ഫെബ്രുവരി 16-ന്, പെട്രോവ ഒരു യാത്ര കഴിഞ്ഞ് ഫ്രാൻസിൽ നിന്ന് ബോസ്റ്റണിലെ ലോഗൻ എയർപോർട്ടിലേക്ക് മടങ്ങിയെത്തി. തുടര്‍ന്ന് പ്രശ്‌നങ്ങളൊന്നുമില്ലാതെ ഇമിഗ്രേഷൻ കടന്നുപോയി. എന്നാൽ ലഗേജിനായി കാത്തിരിക്കുമ്പോൾ, രണ്ട് കസ്റ്റംസ് ആൻഡ് ബോർഡർ പട്രോൾ (സിബിപി) ഉദ്യോഗസ്ഥർ പെട്രോവയെ ലഗേജ് പരിശോധിക്കാൻ ഒരു മുറിയിലേക്ക് കൊണ്ടുപോയി. അവിടെവച്ച് ഫോൺ പരിശോധിച്ചുവെന്നും അഭിഭാഷകൻ പറഞ്ഞു.
തുടര്‍ന്നാണ് തവള ഭ്രൂണങ്ങളുടെ ശാസ്ത്രീയ സാമ്പിൾ കണ്ടെത്തുന്നത്. അത് ഫ്രാൻസിലെ ലാബിൽ നിന്ന് ഹാർവാർഡിലെ പെട്രോവയുടെ പ്രൊഫസർ, പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുടെ അഭ്യർത്ഥന പ്രകാരം കൊണ്ടുവന്നതാണ്. ഇതിന് പിഴ ചുമത്താവുന്നതാണ്. അതിന് പകരം കെസെനിയ പെട്രോവ ജെ-1 സ്കോളർ വിസ റദ്ദാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു.