
മോസ്‌കോ: റഷ്യയിലെ കൂടുതല്‍ റഷ്യന്‍ വിദ്യാര്‍ത്ഥികള്‍ ഹിന്ദി പഠിക്കണമെന്ന് ആഗ്രഹിക്കുന്നതായി റഷ്യയുടെ ശാസ്ത്ര-ഉന്നത വിദ്യാഭ്യാസ ഉപമന്ത്രി കോണ്‍സ്റ്റാന്റിന്‍ മൊഗിലേവ്‌സ്‌കി. റഷ്യന്‍ സര്‍വകലാശാലകളില്‍ ഹിന്ദി ഭാഷാപഠനം വിപുലപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. മോസ്‌കോയിലെ പ്രമുഖ സര്‍വകലാശാലകളായ എം.ജി.ഐ.എം.ഒ., ആര്‍.എസ്.യു.എച്ച്. തുടങ്ങിയ സ്ഥാപനങ്ങളില്‍ ഹിന്ദി പഠനത്തിനുള്ള അവസരങ്ങളുണ്ട്. സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്, കസാന്‍ ഫെഡറല്‍ സര്‍വകലാശാലകളിലും ഹിന്ദി പഠന ഗ്രൂപ്പുകളുടെ എണ്ണം രണ്ടോ മൂന്നോ ഇരട്ടിയായി വര്‍ധിച്ചതായി മൊഗിലേവ്‌സ്‌കി വ്യക്തമാക്കി.
മാത്രമല്ല, ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയില്‍, ദൈനംദിന ജീവിതത്തില്‍ ഇംഗ്ലീഷിനേക്കാള്‍ കൂടുതല്‍ പേര്‍ ഹിന്ദി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അമേരിക്കയുടെ തീരുവ യുദ്ധത്തിനിടെ റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം വളരുകയാണ്. റഷ്യന്‍ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് പ്രതികാരമെന്നോണമാണ് അമേരിക്ക തീരുവ വര്‍ദ്ധിപ്പിച്ചത്. എണ്ണ വാങ്ങി ഇന്ത്യ നല്‍കുന്ന പണം യുക്രെയ്ന്‍ യുദ്ധത്തിന് റഷ്യ ഉപയോഗിക്കുന്നുവെന്നും ഇന്ത്യയും പരോക്ഷമായി യുദ്ധത്തില്‍ പങ്കാളിയാകുന്നുവെന്നുമാണ് ട്രംപിന്റെ ആരോപണം.















