
ഹേഗ്: താൻ അയച്ച സന്ദേശം യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പരസ്യമാക്കിയതില്‍ പ്രശ്നമില്ലെന്ന് നാറ്റോ മേധാവി മാർക്ക് റുട്ടെ. സന്ദേശം അദ്ദേഹം പരസ്യമാക്കിയതിൽ തനിക്ക് പൂർണ്ണ സമ്മതമാണെന്ന് റൂട്ടെ വ്യക്തമാക്കി. ബുധനാഴ്ച നെതർലൻഡ്‌സിലേക്ക് നേതാക്കളുടെ ഉച്ചകോടിക്കായി പറക്കുന്നതിനിടെ ട്രംപ് ഈ സന്ദേശം പരസ്യപ്പെടുത്തിയിരുന്നു. സന്ദേശത്തിൽ എഴുതിയതെല്ലാം സത്യമാണെന്നും റൂട്ടെ ഉറപ്പിച്ചു പറഞ്ഞു.
ഈ സംഭവം അൽപ്പം നാണക്കേടല്ലേ എന്ന് ചോദിച്ച ഒരു റിപ്പോർട്ടറെ അദ്ദേഹം നിരാകരിച്ചു. ഒരിക്കലുമില്ല എന്ന് അദ്ദേഹം ഉറപ്പിച്ച് തന്നെ പറഞ്ഞു. ആ സന്ദേശത്തിൽ ഉള്ളത് ഒരു വസ്തുതാപരമായ പ്രസ്താവനയാണ്. അത് അദ്ദേഹം പങ്കുവെച്ചതിൽ തനിക്ക് പൂർണ്ണ സമ്മതമാണെന്നും റൂട്ടെ കൂട്ടിച്ചേര്‍ത്തു.
ഇറാൻ വിഷയത്തിലെ ഇടപെടലുകളിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ പ്രശംസിച്ചാണ് മാർക്ക് റുട്ടെ സന്ദേശം അയച്ചത്. ഇറാനിലെ നിങ്ങളുടെ നിർണ്ണായക നടപടിക്ക് അഭിനന്ദനങ്ങൾ, നന്ദി. അത് അസാധാരണമായിരുന്നു, മറ്റാരും ധൈര്യപ്പെടാത്ത ഒരു കാര്യമായിരുന്നു അത്. അത് നമ്മളെല്ലാവരെയും കൂടുതൽ സുരക്ഷിതരാക്കുന്നു എന്ന് ട്രംപ് പ്രസിദ്ധീകരിച്ച ആദ്യ സന്ദേശത്തിൽ റുട്ടെ കുറിച്ചിട്ടുണ്ട്.
നാറ്റോ സഖ്യകക്ഷികൾക്കിടയിൽ സുപ്രധാനമായ ഒരു പ്രതിരോധ ചെലവ് കരാർ ഉറപ്പാക്കിയതിന് ട്രംപിനെ റുട്ടെ അഭിനന്ദിക്കുന്നതും ഈ സന്ദേശങ്ങളിൽ കാണാം. ഇന്ന് വൈകുന്നേരം ഹേഗിൽ നിങ്ങൾ മറ്റൊരു വലിയ വിജയത്തിലേക്ക് പറക്കുകയാണ്. അത് എളുപ്പമായിരുന്നില്ലെങ്കിലും അഞ്ച് ശതമാനത്തിൽ എല്ലാവരെയും ഒപ്പിടീക്കാൻ നമുക്ക് കഴിഞ്ഞു, നാറ്റോ സഖ്യകക്ഷികൾ പ്രതിരോധ ചെലവ് വർദ്ധിപ്പിക്കാനുള്ള ട്രംപിന്‍റെ നിർബന്ധത്തെ സൂചിപ്പിച്ച് റുട്ടെ കൂട്ടിച്ചേർത്തു.