
കൊച്ചി : ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. വിവാദത്തെ പറ്റി അന്വേഷണം നടത്താന്‍ ഹൈക്കോടതി പൊലീസ് സംഘത്തെ ചുമതലപ്പെടുത്തി. എഡിജിപി എച്ച് വെങ്കിടേഷ് ആവും അന്വേഷണ സംഘത്തെ നയിക്കുക. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ടാകും. ‘സ്‌പോണ്‍സര്‍’ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും പങ്ക് അന്വേഷിക്കും.
ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് ജസ്റ്റിസുമാരായ രാജാ വിജയരാഘവന്‍, കെ.വി.ജയകുമാര്‍ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചിരിക്കുന്നത്.
കോടതിയുടെ നിര്‍ണായക ഇടപെടലിലൂടെയാണ് 2019ലെ വിവാദ സ്വര്‍ണം പൂശല്‍ അടക്കമുള്ള കാര്യങ്ങള്‍ പുറത്തുവന്നത്. ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ സ്‌പെഷല്‍ കമ്മിഷണറെ അറിയിക്കാതെ സ്വര്‍ണം പൂശാന്‍ കൊണ്ടുപോയിരുന്നു. ഈ സംഭവത്തില്‍ കോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു.
അതേസമയം, അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍ പ്രതികരിച്ചു. 1998-1999 മുതലുള്ള രേഖകള്‍ കണ്ടെത്തി സമര്‍പ്പിക്കാന്‍ ശബരിമല ചീഫ് വിജിലന്‍സ് ഓഫിസര്‍ക്കു കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഈ രേഖകളുടെ അടിസ്ഥാനത്തിലാണു വലിയ ക്രമക്കേടുകള്‍ നടന്നിരിക്കുന്നുവെന്നും അന്വേഷണം വേണമെന്നും കോടതി വ്യക്തമാക്കിയിരിക്കുന്നത്.