ശബരിമല സ്വർണപ്പാളി വിവാദം: നിയമസഭയിൽ മറുപടി നൽകി മുഖ്യമന്ത്രി, ദ്വാരപാലക ശില്പം വിൽക്കാൻ കടകംപള്ളി കൂട്ടുനിന്നുവെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം : രാഷ്ട്രീയ കൊടുങ്കാറ്റായി മാറിയ ശബരിമല സ്വർണപ്പാളി വിവാദത്തിൽ നിയമസഭയിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ ഹൈക്കോടതി നിശ്ചയിച്ച പ്രത്യേകസംഘം അന്വേഷണം നടത്തുന്നുണ്ടെന്നും ഗൗരവമായ അന്വേഷണവും പരിശോധനയും നടക്കണമെന്നതാണ് സർക്കാരിൻ്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരുകാലത്തും കുറ്റവാളികളെ സംരക്ഷിക്കില്ല. ആരു തെറ്റ് ചെയ്‌താലും അവർക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുന്ന രീതിയാണ് തങ്ങൾക്കുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ, ശബരിമലയിലെ ദ്വാരപാലക ശില്പവുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ അന്നത്തെ ദേവസ്വംവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോർഡിനുമെതിരേ പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. ദ്വാരപാലക ശില്പം വിൽക്കാൻ കടകംപള്ളി കൂട്ടുനിന്നുവെന്നും ഏത് കോടീശ്വരനാണ് വിറ്റത് എന്ന് വെളിപ്പെടുത്തണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

കൊള്ളക്കാർക്ക് സഹായകരമായ രീതിയിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും ദ്വാരപാലകശില്പം കോടീശ്വരന്മാർക്ക് കൊടുത്തുവെന്ന് മാത്രമല്ല, വാതിലും കട്ടിളപ്പടിയും അടക്കം അടിച്ചുമാറ്റിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.