അക്രമി വീട്ടില്‍ പതിയിരുന്നു? വീട്ടുജോലിക്കാര്‍ സഹായിച്ചു ? മൂന്നുപേര്‍ കസ്റ്റഡിയില്‍, സെയ്ഫ് അപകടനില തരണം ചെയ്തു

മുംബൈ: സെയ്ഫ് അലി ഖാനെ ആക്രമിച്ചയാള്‍ക്ക് വീട്ടുജോലിക്കാരില്‍ ഒരാളുമായി ബന്ധമുണ്ടെന്ന് സംശയം ഉയരുന്നു. അക്രമിയെ നടന്റെ വീട്ടിലേക്ക് കയറാന്‍ അനുവദിച്ചത് വീട്ടില്‍ നിന്നുള്ള സഹായത്തില്‍ നിന്നാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. വീടിനകത്ത് നിന്നാരെങ്കിലും വാതില്‍ തുറന്നു കൊടുത്തിട്ടാകാം മോഷ്ടാവ് ഉള്ളില്‍ കയറിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണത്തില്‍ ജോലിക്കാരിക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെയുള്‍പ്പെടെ പൊലീസ് ചോദ്യം ചെയ്യും. മൂന്നു ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നടനെ അക്രമി ആറ് തവണ കുത്തിയിട്ടുണ്ട്. അതില്‍ ഒന്ന് നട്ടെല്ലിന് സമീപമാണ്, ലീലാവതി ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. അദ്ദേഹം അപകടനില തരണം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. നടനും അതിക്രമിച്ചു കയറിയയാളും തമ്മില്‍ വീട്ടിനുള്ളില്‍വെച്ച് സംഘര്‍ഷമുണ്ടായി. തുടര്‍ന്നാണ് നടന് കുത്തേറ്റത്.

സെയ്ഫ് അലി ഖാന്റെ വീട്ടിലെ സിസിടിവി ക്യാമറകളില്‍ ആക്രമണത്തിന് രണ്ട് മണിക്കൂറിനുള്ളില്‍ ആരും വീട്ടുപരിസരത്ത് പ്രവേശിക്കുന്നത് പതിഞ്ഞിട്ടില്ല, അതായത് നടനെ ആക്രമിച്ചയാള്‍ നേരത്തെ കെട്ടിടത്തില്‍ പ്രവേശിച്ച് ആക്രമണം നടത്താന്‍ കാത്തിരിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. നടനെ കുത്തിയ ശേഷം ഓടി രക്ഷപ്പെട്ട അക്രമിയെ തിരിച്ചറിയാന്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.